നാടുകാണി ചുരം വഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു

കോഴിക്കോട് നിലമ്പൂർ ഗൂഡല്ലൂർ റോഡിൽ നാടുകാണി ചുരം പാതയിൽ ജാറം ഭാഗത്ത് വലിയ രീതിയിൽ വിള്ളലും താഴ്ചയും രൂപപ്പെട്ടതിനാലാണ് റോഡ് താൽക്കാലികമായി അടച്ചത്. രണ്ട് മീറ്ററോളം ഉണ്ടായിരുന്ന താഴ്ച അധികരിച്ചതായും വിള്ളൽ വലുതാകുന്നതായും കാണപെട്ടതിനെ തുടർന്നാണ് ഗതാഗതം പൂർണമായി നിരോധിച്ചത്. ഇപ്പോൾ റോഡ് വിണ്ടുകീറി രണ്ടായി നിൽക്കുന്ന അവസ്ഥയാണ്.ഈ ഭാഗത്തെ സമഗ്ര പുനർനിർമാണത്തിന് വിശദവും ശാസ്ത്രീയവുമായ പഠനവും രൂപ രേഖകളും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അതുവരെ ഗതാഗതം പൂർണമായി നിരോധിച്ചു എന്നും മഞ്ചേരി പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വഴിക്കടവ് മുതൽ നാടുകാണി കേരള സംസ്ഥാന അതിർത്തി വരെ ഈ വർഷത്തെ മഴയിലും മണ്ണിടിച്ചിലിലും റോഡിൽ വന്നു പതിച്ച മരങ്ങളും മണ്ണും പാറകളും മറ്റും പൂർണമായി നീക്കം ചെയ്തിരുന്നു. റോഡിൻറെ ഒരു ഭാഗത്തു കൂടെ ചെറിയ വാഹനങ്ങൾ കടത്തിവിടാൻ സൗകര്യവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ വിള്ളൽ കാണപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ ഗതാഗതം പൂർണമായും നിരോധിച്ചത്.