കാലാവസ്ഥാവ്യതിയാനം കവുങ്ങ് കർഷകർക്ക് വിനയാവുന്നു

പയ്യന്നൂർ:കാലാവസ്ഥാവ്യതിയാനമുണ്ടായത് ജില്ലയിലെ കവുങ്ങ് കർഷകർക്ക് വിനയാവുന്നു. മലയോരമേഖലകളിൽ വ്യാപകമായി മഹാളിരോഗം പടരുന്നത് കർഷകരിൽ ആശങ്കയ്ക്കിടിയാക്കുന്നുണ്ട്. കാലവർഷം വൈകിയതും പിന്നീട് തുടർച്ചയായി മഴപെയ്തതുമാണ് തിരിച്ചടിയായത്. മുൻവർഷങ്ങളിലും മഹാളി കവുങ്ങുകളെ ബാധിച്ചെങ്കിലും ഇത്തവണ അത് കൂടുതലായി കൃഷിനാശത്തിനിടയാക്കി. കൊടുംവേനലിൽ കവുങ്ങുകൾ ഉണങ്ങി വലിയ നാശമാണുണ്ടായത്. കാലവർഷം താമസിച്ചതോടെ ജില്ലയുടെ വിവിധഭാഗങ്ങളിൽ കവുങ്ങിൻതോട്ടങ്ങളിൽ കൃഷിയെ വരൾച്ചബാധിച്ചു. പിന്നീട് തുടർച്ചയായി പെരുമഴ പെയ്തതും കൃഷിക്ക് ദോഷമായി. മൂപ്പെത്താത്ത അടയ്ക്കകൾ പൂപ്പൽബാധിച്ച് കൊഴിഞ്ഞുവീഴുകയായിരുന്നു.

ജില്ലയിലെ ചെറുപുഴ, ഇരിട്ടി, എരമം-കുറ്റൂർ, പാണപ്പുഴ, ഭാഗങ്ങളിലെല്ലാം കർഷകർ പ്രതിസന്ധിനേരിട്ടുകൊണ്ടിരിക്കുകയാണ്. മൂപ്പെത്തുംമുമ്പ് ഇളംകായകൾ കൊഴിഞ്ഞുവീഴുന്നു. ചിലത് പൊട്ടിപ്പിളർന്നനിലയിൽ കവുങ്ങിനുമുകളിൽതന്നെയാണ്. പൊള്ളൽബാധിച്ചതുപോലെയും അടയ്ക്ക വീണുപോകുന്നു.

കൃത്യമായസമയത്ത് പ്രതിരോധപ്രവർത്തനങ്ങൾ നടത്താൻ കർഷകർക്ക് കഴിഞ്ഞിരുന്നില്ല. വേനൽ കഴിഞ്ഞ് മഴ നിന്നുപെയ്യുകയായിരുന്നു. കവുങ്ങുകളിൽ പ്രതിരോധപ്രവർത്തനങ്ങൾക്കായി മഴയുടെ ഇടവേളകൾ ആവശ്യമാണ്. എന്നാൽ ഇതുണ്ടാകാഞ്ഞതാണ് കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. കനത്തമഴ നിന്നുപെയ്തത് രോഗം പടരാനിടയാക്കി. മൂപ്പെത്താതെ കൊഴിഞ്ഞുവീഴുന്ന അടയ്ക്ക ശേഖരിച്ച് കൂട്ടിയിടുക മാത്രമാണ് കർഷകർക്ക് ചെയ്യാൻ ബാക്കിയുള്ളത്. പ്രളയമുൾപ്പെടെ സംഭവിച്ചതുമൂലം മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയാനിടയാക്കിയെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അടയ്ക്കാ വിലയിടിവുണ്ടായത് ഇതിൽനിന്നും കർഷകരെ പിന്നോട്ട് നയിക്കാൻ കാരണമാക്കി. ഇതോടെയുണ്ടായ കർഷകരുടെ ശ്രദ്ധക്കുറവും മഹാളിരോഗം പടരാനിടയാക്കിയതായി അവർ പറയുന്നു.

വിദഗ്ധ പരിശോധന നടത്തി; പക്ഷേ...

രോഗം പടരുന്നത് സംബന്ധിച്ച് കൃഷിവകുപ്പിലെ വിദഗ്ധ സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയിരുന്നു. കൃത്യമായ അളവിലുള്ള വളപ്രയോഗങ്ങളും പരിപാലനവും ഇനിയുള്ള മഹാളി രോഗങ്ങളുടെ പകർച്ചയെ തടയിടാനാകുമെന്നും വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. അതോടൊപ്പം മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാനുള്ള വളപ്രയോഗങ്ങളും നടത്തണമെന്നും സംഘം നിർദേശിച്ചിരുന്നു. കാലവർഷത്തിന് ശേഷമാണ് കവുങ്ങുകളിൽ മരുന്നുതളിക്കാൻ സാധിച്ചതെന്ന് പാണപ്പുഴയിലെ കർഷകൻ കിഴക്കേപ്പുരയിൽ ലക്ഷ്മണൻ പറയുന്നു. തുടർച്ചയായ മഴയും വെള്ളംകയറിയതുമെല്ലാം ദോഷകരമായി ബാധിച്ചിട്ടുണ്ട്. വിള ഇൻഷുറൻസിൽ റജിസ്റ്റർചെയ്തിട്ടുണ്ട്. കിട്ടുമോയെന്ന് ഉറപ്പുപറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.