ആള്‍ദൈവമായ കല്‍ക്കി ഭ​ഗവാന്റെ ആശ്രമത്തിലും സ്ഥാപനങ്ങളിലുമായി നടന്ന ആദായനികുതി വകുപ്പ് റെയ്ഡില്‍ ഇതുവരെ 43.9 കോടി രൂപയും പതിനെട്ട് കോടിയുടെ യുഎസ് ഡോളറും പിടിച്ചെടുത്തു. അവസാന മൂന്ന് ദിവസങ്ങളിലായി നടന്ന റെയ്ഡില്‍ 88 കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തിട്ടുണ്ട്.

ആദായനികുതി വകുപ്പിലെ എട്ടം​ഗ സംഘമാണ്‌ഇവിടങ്ങളില്‍ പരിശോധന നടത്തിയത്. ആന്ധ്രയിലെ ചിറ്റൂരിലുള്ള ആശ്രമത്തിലും തമിഴ്നാട്ടിലെ കല്‍ക്കി ട്രസ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന നടത്തിയത്.

ഈ സമയം കല്‍ക്കി ഭ​ഗവാന്റെ ഭാര്യ അമ്മ ഭ​ഗവാനും മകന്‍ ക‍ൃഷ്ണാജിയും തമിഴ്നാട്ടിലായിരുന്നു. ഇവരുടെ വിശ്വസ്‌തനായ ലോകേശ് ​ദാസാജിയെ ഉദ്യോ​ഗസ്ഥര്‍ ചോദ്യം ചെയ്തുവരുകയാണ്. റിയല്‍ എസ്റ്റേറ്റ്, നികുതി വെട്ടിപ്പ് ഉള്‍പ്പെടെ ധാരാളം കേസുകളാണ് കല്‍ക്കി ബാബ ട്രസ്റ്റിന് എതിരെയുള്ളത്‌. ഉന്നത രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി എഴുപതുകാരനായ കല്‍ക്കി ഭഗവാനുള്ളത്.