ഇ.പി.എഫ്. പെന്‍ഷന്‍ പറ്റാനുള്ള പ്രായപരിധി അറുപതാക്കുന്നു

 എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ തുക പിന്‍വലിക്കാനുള്ള പ്രായപരിധി 60 വയസ്സാക്കും. അന്താരാഷ്ട്രരീതികളുമായി സമാനപ്പെടുത്തി ഇ.പി.എഫ്. പെന്‍ഷന്‍ പരിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം. ഇതിനായി ആവശ്യമായ നിയമഭേദഗതി വരുത്തുമെന്ന് ഇ.പി.എഫ്.ഒ. വൃത്തങ്ങള്‍ പറഞ്ഞു.

നിലവില്‍ 58 വയസ്സായാല്‍ പെന്‍ഷന്‍ പറ്റാമെന്നതാണ് വ്യവസ്ഥ. പെന്‍ഷന്‍ പ്രായം 58 എന്ന കാഴ്ചപ്പാടിലാണിത്. 58 വയസ്സില്‍ വിരമിക്കുന്നവര്‍ക്കും 60 വയസ്സുവരെ തുക ഇ.പി.എഫില്‍ നിക്ഷേപമായി സൂക്ഷിക്കാന്‍ വഴിയൊരുക്കുന്നതാണ് പുതിയ വ്യവസ്ഥ. ഇതുവഴി രണ്ടു വര്‍ഷത്തെ അധികപലിശ ലഭിക്കും.

നവംബറില്‍ ചേരുന്ന ഇ.പി.എഫ്.ഒ. ട്രസ്റ്റി യോഗത്തില്‍ പുതിയ നിര്‍ദേശം ചര്‍ച്ചയ്ക്കെടുക്കും. ട്രസ്റ്റി യോഗം അംഗീകരിച്ചാല്‍ കേന്ദ്ര തൊഴില്‍മന്ത്രാലയം ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും. ലോകത്തെ പലയിടങ്ങളിലും 65 വയസ്സിനുശേഷമാണ് പെന്‍ഷന്‍ നല്‍കുന്നതെന്നും ഇ.പി.എഫ്. പ്രായപരിധി 60 വയസ്സായി ഉയര്‍ത്തണമെന്നുമാണ് അധികൃതരുടെ വാദം.

നിലവില്‍ 60 വയസ്സില്‍ വിരമിക്കുന്നവര്‍ക്കും ഇ.പി.എഫ്. പെന്‍ഷന്‍ വിഹിതമടയ്ക്കാനുള്ള പ്രായപരിധി 58 വയസ്സുവരേയുള്ളൂ. എന്നാല്‍, ഇങ്ങനെയുള്ളവര്‍ക്ക് രണ്ടുവര്‍ഷം അധികം ഇ.പി.എഫ്. പെന്‍ഷന്‍ വിഹിതം അടയ്ക്കാന്‍ അനുവദിക്കുമോയെന്നു വ്യക്തമായിട്ടില്ല.

നാഷണല്‍ പെന്‍ഷന്‍ സ്കീമനുസരിച്ച്‌ 60 വയസ്സാണ് പെന്‍ഷന്‍ അര്‍ഹതാപരിധി. ഇ.പി.എഫ്. പെന്‍ഷനും ഇതിന് സമാനമാക്കുന്നതും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.