2 വര്‍ഷം മന്ത്രി മണിയുടെ കാറിന് 34 ടയര്‍!
തിരുവനന്തപുരം: ഒരു ടൊയോട്ട ഇന്നോവ ക്രിസ്‌റ്റ-ഡി കാറിന് രണ്ടു വര്‍ഷത്തിനിടെ മാറ്റിയിട്ടത് 34 ടയര്‍! മന്ത്രി എം.എം. മണിയുടെ വാഹനത്തിന്റേതാണ് അവിശ്വസനീയമായ ഈ ടയര്‍ മാറ്റങ്ങള്‍. രണ്ടു വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കാറുകളില്‍ മാറ്റിയിട്ടത് 183 ടയറുകളാണെന്നാണു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. സംസ്‌ഥാനത്തെ റോഡുകളില്‍ ഒരു ടയര്‍ 50,000 കിലോമീറ്ററെങ്കിലും ഓടുമെന്നിരിക്കെ, മന്ത്രി മണി എത്ര കിലോമീറ്റര്‍ യാത്ര ചെയ്‌തിരിക്കും!
മന്ത്രി കെ. രാജുവിന്റെ കാറിന് 19 ടയറുകള്‍ മാറ്റിയിട്ടു. മുഖ്യമന്ത്രി ഉപയോഗിക്കുന്ന ഔദ്യോഗിക കാറില്‍ ഏഴും പകരമായി ഉപയോഗിക്കുന്ന കാറില്‍ നാലും ടയറുകളാണ് ഇതേവരെ മാറ്റിയത്. സി.പി.ഐ. മന്ത്രിമാരായ വി.എസ്. സുനില്‍ കുമാറും ഇ. ചന്ദ്രശേഖരനും ഒരു തവണയേ ടയര്‍ മാറ്റിയിട്ടുള്ളൂ. മന്ത്രിവാഹനങ്ങള്‍ക്കു ടയര്‍ മാറ്റാന്‍ ചെലവഴിച്ച പണം എത്രയെന്നു ടൂറിസം വകുപ്പ് വ്യക്‌തമാക്കിയിട്ടില്ല.
എ.കെ. ബാലന്‍, ഇ.പി. ജയരാജന്‍ എന്നിവരുടേതൊഴികെയുള്ള മന്ത്രിവാഹനങ്ങള്‍ 2017 ല്‍ വാങ്ങിയവയാണ്. എ.കെ. ബാലന്‍ ഉപയോഗിക്കുന്നത് 2011 ല്‍ വാങ്ങിയ ഇന്നോവയാണ്. ഇ.പി. ജയരാജന്റേത് 2016 ല്‍ വാങ്ങിയ ഇന്നോവ. മന്ത്രിമാര്‍ക്കു യാത്ര ചെയ്യാന്‍ കാറുകള്‍ വാങ്ങാന്‍ ഈ സര്‍ക്കാര്‍ മുടക്കിയത് 6.69 കോടി രൂപയാണ്. എല്ലാവര്‍ക്കും ഇഷ്‌ടം 27 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്‌റ്റയായിരുന്നതിനാല്‍ അതുതന്നെ വാങ്ങിനല്‍കി. മന്ത്രിമാരുടെ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയത് 23 വാഹനങ്ങളായിരുന്നു. പിന്നീട് വിവിധ സര്‍ക്കാര്‍ വകുപ്പുകളും കാറുകള്‍ വാങ്ങിക്കൂട്ടി.
0 Comments