കടത്തുംകടവിൽ ഇടിമിന്നലിൽ നാല് വീടുകൾ തകർന്നു: ഒരാൾക്ക് പരിക്ക്

ഇരിട്ടി: ചൊവ്വാഴ്ച രാത്രി  ഉണ്ടായ ഭയാനകമായ ഇടിമിന്നലിൽ ഇരിട്ടി തന്തോടിന് സമീപം കടത്തുംകടവിൽ നാല് വീടുകൾ ഭാഗികമായി തകർന്നു. ഒരാൾക്ക് പരിക്കേറ്റു. ആനന്ദവിലാസത്തിൽ ബിന്ദു (45 ) വിനാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ ആശുപത്രിയിൽ ചികിത്സതേടി. ബിന്ദുവിന്റെ സമീപ വാസികളായ പനയാൽ വസന്ത, കല്ല്യാടൻ സരോജിനി, കല്ല്യാടൻ ബിജു എന്നിവരുടെ വീടുകൾക്കും കനത്ത നാശനഷ്ടമാണ് ഉണ്ടായത്.
 രാത്രി ഒമ്പതുമണിയോടെ ആയിരുന്നു അതിശക്തമായ ഇടിമിന്നൽ ഉണ്ടായത്. മിന്നലിനൊപ്പം തന്നെയുണ്ടായ വൻ സ്ഫോടന ശബ്ദത്തിൽ കിലോമീറ്ററുകളോളം ദൂരങ്ങളിലെ വീടുകളും കെട്ടിടങ്ങളും കുലുങ്ങുന്ന അവസ്ഥയുണ്ടായി.
  പനയാല്‍ വസന്തയുടെ വീടിന് കനത്ത നാശ നഷ്ടമാണ് ഉണ്ടായത്. വീട്ടിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകരുകയും ചുമര്‍ മുഴുവന്‍ വിണ്ടുകീറി ഭിത്തിയിലെ തേപ്പ്  അടര്‍ന്നു വീണു. ചുമരില്‍  സ്ഥാപിച്ച ഫാന്‍ തെറിച്ച് വീട്ടിന് വെളിയിലേക്ക് വീണു. ടി.വി ഉള്‍പ്പെടെ ഇലക്ട്രാണിക്‌സ് ഉപകരണങ്ങളും വയറിംങ്ങ് പൂര്‍ണ്ണമായും കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്ന വസന്തയുടെ മക്കളായ സുധീഷും സഹോദരന്‍ സുജിത്തും പരിക്കേല്‍ക്കാതെ അത്ഭൂതകരമായാണ് രക്ഷപ്പെട്ടത്.
സമീപത്തെ കല്യാടന്‍ സരോജിനിയുടെ വീട്ടിലെ ഇലക്ട്രോണിക്‌സ് ഉപകരമങ്ങളും വയറിംങ്ങും കത്തിനശിച്ചു . വീടിന്റെ ജനല്‍ചില്ലുകള്‍ തകർന്നു.  ഭിത്തിക്കും കേടുപാടുകള്‍ പറ്റി. സരോജിനിയുടെ വീട്ടിനു മുന്നിലെ മതിലിലാണ് ഇടിവീണത്. മതിലിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. സമീപത്തെ കല്യാടന്‍ ബിജു വീടിന് ഭാഗികമായി കേടുപാടുകള്‍ പറ്റി. വീട്ടുപകരണങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു. ഒരാഴ്ചയോളമായി ഇരുട്ടിലും മലയോര മേഖലയിലുമുണ്ടാകുന്ന മഴയോടൊപ്പമുള്ള ശക്തമായ ഇടിമിന്നലിൽ ജനങ്ങൾ ഭീതിയിലായിരിക്കയാണ്. കഴിഞ്ഞ ദിവസം ആറളം , എടൂർ ഭാഗങ്ങളിലുണടായ ഇടിമിന്നലിൽ നിരവധി വീടുകളിലെ ഇലക്ട്രോനിക്സ് ഉപകരണങ്ങൾ നശിച്ചിരുന്നു .  പായം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ജനപ്രതിനിധികളും വില്ലേജ് അധികൃതരും സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.