നാലുവരി പാത പോരാവൂർകാർ രണ്ട് തട്ടിൽ
കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള മാനന്തവാടി മട്ടന്നൂർ നാലുവരി പാത വികസനവുമായി ബന്ധപ്പെട്ട് പേരാവൂർ പഞ്ചായത്തിൽ നിർദേശിക്കപ്പെട്ട ബൈപ്പാസ് റോഡിന്റെ അലൈൻമെന്റ്, പേരാവൂർ ടൗണിന് ഗുണകരമെന്നും അല്ലെന്നും അഭിപ്രായം. റോഡിന്റെ പ്രായോഗികത ശാസ്ത്രീയമായി കണ്ടെത്താൻ ഏൽപ്പിക്കപ്പെട്ട ബംഗളൂരു കേന്ദ്രമായ സ്വകാര്യ ഏജൻസി സമർപ്പിച്ച പ്രാഥമിക നിർദ്ദേശത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചകളിലാണ് വിരുദ്ധ അഭിപ്രായങ്ങൾ ഉയർന്നത്. റോഡിന്റെ ആദ്യഘട്ട ചർച്ചകൾ സ്വരൂപിക്കുന്നതിന്നും, അഭിപ്രായ രൂപീകരണത്തിലും ആണ് ബുധനാഴ്ച കലക്ടറുടെ അധ്യക്ഷതയിൽ കണ്ണൂരിൽ യോഗം ചേർന്നത്. അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുള്ള റോഡ് അലൈൻമെന്റ്, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ പരിഷ്കരിച്ച റോഡു പ്രദർശിപ്പിച്ചിരുന്നു. ഇതിൽ പേരാവൂർ ടൗൺ ഒഴിവാക്കിയുള്ള ബൈപാസ് റോഡ് ആണ് ഇപ്പോൾ വിവാദമായത്. കൊട്ടം ചുരം ടൗൺ കഴിഞ്ഞ് രണ്ടാം വളവിൽ നിന്നാണ് സ്വകാര്യ ഏജൻസി തയ്യാറാക്കിയ ബൈപാസ് റോഡ് തുടങ്ങുന്നത്. ഇത് കാഞ്ഞിരപ്പുഴ ക്രോസ് ചെയ്ത്, നിലവിലെ കാഞ്ഞിരപ്പുഴ പാലത്തിൽ നിന്ന് 800 മീറ്റർ ദൂരം വടക്ക് വശം മാറിയാണ് പോകുന്നത്. ഇതിനായി കാഞ്ഞിരപ്പുഴക്ക് സമീപത്തെ ആൻ സർവീസ് സെന്ററിന് അരികിലായി, കാഞ്ഞിരപ്പുഴക്ക് കുറുകെ, പുതിയ പാലം നിർമിക്കും. ഇരിട്ടി പേരാവൂർ റോഡ് ക്രോസ് ചെയ്തു വയലിലൂടെ തെരു അംഗനവാടി റോഡിൽ, മാലൂർ റോഡിൽ നിന്ന് 80 മീറ്റർ അകലെ റോഡ് എത്തിക്കാനാണ് പ്രാഥമിക സർവേ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ റോഡ് വീതികൂട്ടി പേരാവൂർ ടൗണിൽ എത്തിച്ച വലതു വശം മാത്രം ഏറ്റെടുത്ത് പേരാവൂർ ടൗൺ വഴിതന്നെ റോഡ് ഉണ്ടാകണമെന്നാണ് യോഗത്തിൽ പേരാവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി. പി. ഐ നേതാവുമായ ഷാജിയുടെ നിർദ്ദേശം. ബൈപാസ് റോഡാണ് പ്രായോഗികമാണെന്നും, ഇത് പേരാവൂർ ടൗൺ വികസനത്തിന് ഗുണകരമാകുമെന്നും ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡണ്ട് കെ ഹരിദാസ് യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ ടൗൺ വഴി വേണം എന്നാണ് ഏകോപനസമിതി പേരാവൂർ യൂണിറ്റ് സെക്രട്ടറി പുരുഷോത്തമൻ യോഗത്തിൽ നിർദേശിച്ചത്. ചുരുക്കത്തിൽ നിർദ്ദിഷ്ട വിമാനത്താവളം റോഡ് പേരാവൂർ ടൗൺ വഴി വേണം എന്ന് വാദിക്കുന്നവരും ബൈപ്പാസ് റോഡ് വഴി വേണം എന്ന് വാദിക്കുന്നവരും ഉണ്ട്. എന്നാൽ പ്രാഥമിക നിർദ്ദേശം മാത്രമാണ് യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടത് എന്നാണ് റോഡ് നിർമാണത്തിന് ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർ പി പി സജീവൻ പറയുന്നത്.
0 Comments