ഊരുണര്‍ത്തല്‍: പ്രളയബാധിത പ്രദേശങ്ങളിലെ
വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ കിറ്റ് വിതരണം
ഊരുണര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി പ്രളയ ബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ കിറ്റ് വിതരണവും സംവാദവും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളില്‍ ജില്ലയില്‍ പ്രളയം ഏറ്റവും കൂടുതല്‍ നേരിട്ട ശ്രീകണ്ഠാപുരം, ഇരിട്ടി, കേളകം ഭാഗങ്ങളിലാണ് പരിപാടി. നോട്ട്ബുക്ക്, പേന, പെന്‍സില്‍, സ്‌കൂള്‍ ബാഗ് തുടങ്ങിയവ ഉള്‍പ്പെട്ട കിറ്റുകളാണ് പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായി പ്രളയത്തെത്തുടര്‍ന്നും അല്ലാതെയും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പഠനം, വീട്, സമൂഹം തുടങ്ങി ജീവിതത്തില്‍ അനുഭവപ്പെടുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് അധികൃതരുമായി ചര്‍ച്ച ചെയ്യാം. സംവാദത്തില്‍ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രശ്‌ന പരിഹാരം കാണാനാണ് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു.
18,000 നോട്ട് ബുക്കുകള്‍, പെന്‍സിലുകള്‍, 8000 പേനകള്‍, 1000 ല്‍ അധികം ബാഗുകള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. ഒക്ടോബര്‍ 31 ന് രാവിലെ 10.30 ന് ശ്രീകണ്ഠാപുരം കമ്മ്യൂണിറ്റി ഹാളില്‍ പരിപാടിക്ക് തുടക്കമാകും. നവംബര്‍ ഒന്നിന് രാവിലെ 10.30 ന് പായത്തും വൈകിട്ട് മൂന്ന് മണിക്ക് കേളകത്തും പരിപാടി സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെയുള്ള ഏകാംഗ നാടകവും മറ്റ് കലാപരിപാടികളും അരങ്ങേറും. പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എഡിഎം ഇപി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
0 Comments