കുരുമുളകിന്റെ വാട്ടരോഗം: വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി
കണ്ണൂര്‍ ജില്ലയിലെ വിവിധ മേഖലകളില്‍ കുരുമുളക് വള്ളികള്‍ വ്യാപകമായി വാടി നശിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പിലെയും കാര്‍ഷിക സര്‍വ്വകലാശാലയിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘം പേരാവൂര്‍ ബ്ലോക്കില്‍ സന്ദര്‍ശനം നടത്തി. വിവിധ തോട്ടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിന്നും, മേഖലയില്‍ നിലനില്‍ക്കുന്ന കാലാവസ്ഥയില്‍ രോഗം കൂടുതല്‍ പടരാന്‍ സാധ്യതയുണ്ടെന്ന് സംഘം വിലയിരുത്തി. കുരുമുളകു കൊടികളുടെ ചുവട് ഭാഗത്ത് ചീയലിന്റെ ലക്ഷണങ്ങളോ, കൊടികള്‍ക്ക് വാട്ടമോ മഞ്ഞളിപ്പോ കാണുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെട്ട് വേണ്ട നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. സമാനമായ രോഗം മറ്റു തോട്ടങ്ങളിലേക്ക് പകരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ കൈക്കൊള്ളാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
കാര്‍ഷിക സര്‍വ്വകലാശാല എന്റമോളജി വിഭാഗം പ്രഫസര്‍ ഡോ.കെ എം ശ്രീകുമാര്‍, കുരുമുളക് ഗവേഷണ കേന്ദ്രം പ്ലാന്റ് പാത്തോളജി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ.യാമിനി വര്‍മ്മ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ സാവിത്രി, ആത്മ പ്രൊജക്ട് ഡയറക്ടര്‍ രമേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് കുരുമുളക് തോട്ടങ്ങളില്‍ പരിശോധന നടത്തിയത്.
0 Comments