കർഷകരുടെ അവകാശങ്ങൾ അവഗണിച്ചുകൊണ്ട് ഒരു ഭരണകൂടങ്ങൾക്കും ഇനി മുന്നോട്ടു പോവാനാവില്ല: സണ്ണി ജോസഫ് എംഎൽഎ
ഇരിട്ടി: കർഷകരുടെ അവകാശങ്ങൾ അവഗണിച്ചുകൊണ്ട് ഒരു ഭരണകൂടങ്ങൾക്കും ഇനി മുന്നോട്ടു പോവാനാവില്ലെന്ന് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. നഗരത്തിൽ ഉത്തരമലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിട്ടി സെന്റ് ജോസഫ്‌സ് പള്ളിയുടെയും ഇരിട്ടി നിത്യസഹായ മാതാ ഫൊറോനാ പള്ളിയുടെയും നേതൃത്വത്തിൽ നടത്തിയ തെരുവു യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വില തകർച്ചയും വിളവിടിവും തുടർച്ചയായ അവഗണനയും മൂലം കടക്കെണിയിലും പട്ടിണിയിലുമായ കർഷകർ സമരപാതയിൽ ഇറങ്ങി കഴിഞ്ഞു. കർഷക പ്രക്ഷോഭങ്ങളുടെ രോക്ഷാഗ്നി പല സംസ്ഥാനങ്ങളിലും നമ്മൾ കണ്ടു കഴിഞ്ഞതാണ്. നിലനിൽപ് ഭീഷണിയിലായതിന്റെ പ്രതിസന്ധിയിൽ നിന്നു കൊണ്ടുള്ള സമരം ആളിക്കത്തുമെന്നും കർഷകർക്കും അഭിമാനത്തോടെ ജീവിക്കാനുള്ള അടിസ്ഥാന സാഹചര്യങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്നും സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
ഇരിട്ടി സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ. ജോസഫ് മഞ്ചപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ഇരിട്ടി നിത്യസഹായ മാതാ ഫൊറോനാ പള്ളി വികാരി ഫാ. ജേക്കബ് ജോസ്, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, കോ - ഓർഡിനേറ്റർ ഡോ. ഔസേപ്പച്ചൻ നാലോലിക്കൽ, കുര്യൻ ദേവസ്യ എന്നിവർ പ്രസംഗിച്ചു. ഇരിട്ടി പാലത്തിനു സമീപത്തു നിന്ന് നഗരത്തിലേക്ക്് പ്രകടനവും നടത്തി.
0 Comments