കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. കഴിഞ്ഞ 50 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിലായിരുന്നു ഡി.കെ ശിവകുമാര്‍.
25,00,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. കോടതിയുടെ അനുമതി കൂടാതെ രാജ്യം വിട്ടുപോകരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തിയപ്പോള്‍ നികുതി നല്‍കിയില്ലെന്നാണ് ആരോപണം. ശിവകുമാറിന്റെ മകള്‍ ഐശ്വര്യയേയും കേസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ശിവകുമാറിനെ തിഹാര്‍ ജയിലിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുതിര്‍ന്ന നേതാവ് അംബിക സോണിയും കണ്ടിരുന്നു. ശിവകുമാറിന്റെണ സഹോദരന്‍ ഡി.കെ സുരേഷും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പാര്‍ട്ടി ശിവകുമാറിനൊപ്പമുണ്ടെന്നും എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടാകുമെന്നും സോണിയ ഉറപ്പ് നല്‍കിയതായി സുരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2017ല്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുജറാത്തില്‍ നിന്നുള്ള 47 കോണ്‍ഗ്രസ് എം.എല്‍.എമാരെ ബിഡദിയിലെ ഈഗിള്‍ട്ടന്‍ റിസോര്‍ട്ടില്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ താമസിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് റെയ്ഡുകള്‍ക്ക് തുടക്കമിട്ടത്.
ഡല്‍ഹി സഫ്ദര്‍ജങ് റോഡിലെ ഫ്‌ലാറ്റില്‍ നിന്ന് 8.50 കോടി രൂപയുടെ ഹവാലപ്പണം പിടികൂടിയെന്ന കേസില്‍, ശിവകുമാറും വ്യാപാര പങ്കാളികളായ സച്ചിന്‍ നാരായണ, സുനില്‍ കുമാര്‍ ശര്‍മ, ഹനുമന്തയ്യ, രാജേന്ദ്ര എന്നിവരുമാണ് അന്വേഷണം നേരിടുന്നത്. ശര്‍മാ ട്രാവല്‍സ് ബസ് കമ്പനിയുടെ സഹായത്തോടെ കോടിക്കണക്കിനു രൂപയുടെ ഹവാല പണം ഡല്‍ഹിയില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചെന്നാണ് ആരോപണം.

0 Comments