യാത്രാനിരോധനം: മധൂരിലെ ചെക്ക് പോസ്റ്റ് ഉപരോധിച്ചു
സുല്‍ത്താന്‍ബത്തേരി: കോഴിക്കോട്- കൊല്ലഗല്‍ 766 ദേശീയപാതയിലെ യാത്രാ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലും സമരം മുറുകുന്നു. കര്‍ണാടകയുടെ അതിര്‍ത്തി ഗ്രമങ്ങളില്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഞായറാഴ്ച വിവിധ സമൂഹിക - രാഷ്ട്രീയ - സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ കേരള - കര്‍ണാടക അതിര്‍ത്തിയായ മധൂരിലെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഉപരോധിച്ചു.
കാവല്‍പ്പട സമരസമിതിയാണ് കര്‍ണാടകയിലെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞദിവസം ഗുണ്ടല്‍പേട്ടില്‍ കാവല്‍പ്പട സമരസമിതിയുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു. യാത്രാ നിരോധന നീക്കത്തിനെതിരേ കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ വലിയ കൂട്ടായ്മകള്‍ രൂപവത്കരിച്ചിട്ടുണ്ട്. യാത്രാനിരോധനം ഏര്‍പ്പെടുത്തിയാല്‍ ഗുണ്ടല്‍പേട്ട് തീര്‍ത്തും ഒറ്റപ്പെടുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
ബത്തേരിയില്‍ യുവജന സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച അനിശ്ചിതകാല നിരാഹാര സമരമാതൃകയിലുള്ള പ്രക്ഷോഭ പരിപാടികളും കാവല്‍പ്പട സമരസമിതി ആലോചിക്കുന്നുണ്ട്. ചെക്ക് പോസ്റ്റ് ഉപരോധത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
0 Comments