കനിവ് 108 ആംബുലന്‍സിന്റെ സേവനം ഇനിമുതൽ ഇരിട്ടി താലൂക്ക് ആശുപത്രിയിലും
ഇരിട്ടി: കനിവ് 108 ആംബുലന്‍സ് സേവനം ഇനിമുതൽ താലൂക്ക് ആസ്പത്രിയിലും ലഭ്യമാകും. സംസ്ഥാന സര്‍ക്കാറിന്റെ സമഗ്ര ട്രോമാകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള ആംബുലന്‍സ് സര്‍വീസ് ഇരിട്ടി താലൂക്ക് ആശുപത്രിയിലും എത്തി. ജില്ലക്കനുവദിച്ച 14 ആംബുലന്‍സില്‍ ഒന്നാണ് കഴിഞ്ഞദിവസം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിയത്. പ്രത്യേക പരിശീലനം നേടിയ രണ്ട് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യൻ , മൊബൈല്‍ ഐ സി യു, എമര്‍ജന്‍സി മരുന്നുകള്‍, ഓക്‌സിജന്‍ സംവിധാനം ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സാണ് ആശുപത്രിക്ക് ലഭിച്ചിരിക്കുന്നത് .108 ല്‍ വിളിക്കുമ്പോള്‍ മൂന്ന് മിനിറ്റിനുള്ളില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാകും.
അണുബാധയുണ്ടാകാന്‍ കാരണമാകുന്നതിനാല്‍ മൃതദേഹം ഈ ആംബുലന്‍സില്‍ കയറ്റുകയില്ല. സ്വകാര്യ ആശുപത്രികളില്‍ നിന്ന് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികളെ എത്തിക്കാന്‍ ആംബുലന്‍സ് ലഭ്യമാകും. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് ,സ്വകാര്യ ആശുപത്രിയില്‍ നിന്ന് മറ്റൊരു സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകുവാന്‍ സേവനം ലഭിക്കുകയില്ല. മലയോരമേഖലയില്‍ ഇത്തരമൊരു സൗകര്യമുള്ള ആംബുലന്‍സ് ലഭിച്ചത് ഇരിട്ടിക്ക് വലിയ അനുഗ്രഹമായിരിക്കുകയാണ്. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ പി. പി .അശോകന്‍ ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ സരസ്വതി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പി. പി. രവീന്ദ്രന്‍, നഗരസഭ കൗണ്‍സിലര്‍മാരായ പി. പ്രേമവല്ലി, ആര്‍. കെ. ഷൈജു എന്നിവരും മറ്റ് ആശുപത്രി ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.


0 Comments