വിമാനത്താവള നാല്  വരിപ്പാത:
പേരാവൂർ ടൗൺ ഒഴിവാക്കിയുള്ള അലൈമെൻറിൽ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം



നിർദ്ദിഷ്ട മാനന്തവാടി – മട്ടന്നൂർ എയർപോർട്ട് റോഡ് പേരാവൂർ ടൗൺ ഒഴിവാക്കിയുള്ള അലൈമെൻറിൽ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, കണ്ണൂർ ജില്ലാ കലക്ടർ എന്നിവർക്ക് പേരാവൂർ ടൗൺ ആക്ഷൻ കമ്മിറ്റി നിവേദനം നല്കി.

റോഡ് പേരാവൂർ ടൗൺ വഴി പോയാൽ 150 ലധികം വ്യാപാരികളും അവരെ ആശ്രയിക്കുന്ന തൊഴിലാളികളും തൊഴിൽ രഹിതരാവുമെന്ന് നിവേദനത്തിൽ പറയുന്നു.

പേരാവൂർ ടൗൺ പരിധിയിൽ മാത്രം 140-ലധികം വ്യാപാര സ്ഥാപനങ്ങൾ ഇല്ലാതാവും. ഇത്രയും സ്ഥാപനങ്ങൾ ഇല്ലാതാവുന്നതോടെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാൻ നിലവിലെ പേരാവൂർ ടൗണിൽ സൗകര്യങ്ങളില്ല.

പാത പേരാവൂർ ടൗൺ വഴി പോകണമെന്നാവശ്യപ്പെടുന്ന സി.പി.ഐ, മുസ്ലിം ലീഗ്, കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും ചില വ്യാപാര സംഘടനകളും കുടിയൊഴിപ്പിക്കപ്പെട്ടേക്കാവുന്ന വ്യാപാരികളുടെ പുനരധിവാസത്തിന് പരിഹാരം നിർദ്ദേശിക്കുന്നില്ല.

പാത ടൗൺ വഴി വന്നാൽ നൂറുകണക്കിന് കുടുംബങ്ങൾ ഒറ്റയടിക്ക് പട്ടിണിയിലേക്ക് നീങ്ങും. ഈ അവസ്ഥ ഒഴിവാക്കാൻ ടൗൺ നിലനിർത്തി നാലുവരിപ്പാത യാഥാർത്ഥ്യമാക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

നിവേദക സംഘത്തിൽ പി.ജി.പവിത്രൻ, ഐഡിയൽ അബ്ദുള്ള, കെ.ഹരിദാസ്, രമേശ് ബാബു,കെ.പി.അബ്ദുൾ റഷീദ് എന്നിവർ പങ്കെടുത്തു..