ചിപ്പുള്ള എ.ടി.എം. കാര്‍ഡിലെ വിവരം ചോര്‍ത്തി പണം തട്ടുന്നു



കോട്ടയം:അതീവസുരക്ഷയില്‍ ബാങ്കുകള്‍ പുറത്തിറക്കിയ ചിപ്പ് ഘടിപ്പിച്ച എ.ടി.എം. കാര്‍ഡുകള്‍ വ്യാജമായി നിര്‍മിച്ച്‌ പണം തട്ടുന്നത് സംസ്ഥാനത്ത് വ്യാപകമാകുന്നു. എറണാകുളത്തും കോട്ടയത്തുമായി എട്ടോളം കേസുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ മാഗ്നറ്റിക് സ്ട്രിപ്പ് പതിപ്പിച്ച കാര്‍ഡുകളാണുണ്ടായിരുന്നത്. കാലപ്പഴക്കത്തില്‍ ഇവ ഉപയോഗിക്കാനാവാതെ വരും. ഇത്തരം കാര്‍ഡിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പ് സമീപകാലത്ത് വ്യാപകമായിരുന്നു. ഇതിന് പരിഹാരമായാണ് എ.ടി.എം. കാര്‍ഡുകളില്‍ ചിപ്പ് ഘടിപ്പിച്ചത്. ഇവയില്‍നിന്ന് പണം തട്ടുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കുകയാണ് സംസ്ഥാന സൈബര്‍ സെല്‍.

കാര്‍ഡ് ക്ലോണിങ്ങിലൂടെയോ തരംഗങ്ങളിലൂടെയുണ്ടാകുന്ന വിവരങ്ങള്‍ ശേഖരിച്ചോ പണം തട്ടാനാണ് സാധ്യതയെന്നാണ് സൈബര്‍ വിദഗ്ധരുടെ അഭിപ്രായം. തരംഗങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ഡീകോഡ് ചെയ്ത് രഹസ്യം ചോര്‍ത്താം. ആരു ചോദിച്ചാലും കാര്‍ഡിന്റെ വിവരങ്ങള്‍ പുറത്ത് പറയരുതെന്നും ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും സൈബര്‍ സെല്‍ നിര്‍ദേശിക്കുന്നു.

മുന്‍കാലങ്ങളില്‍ വിവരങ്ങള്‍ ചോര്‍ത്തി ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് പണം പിന്‍വലിച്ചുകൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ കേരളത്തില്‍തന്നെയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എറണാകുളം കലൂര്‍ സ്വദേശിയായ ഒരാളുടെ അക്കൗണ്ടില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്കുമുമ്ബ് 40,000 രൂപ നഷ്ടമായിരുന്നു. എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച്‌ ഒരുതരത്തിലുമുള്ള ഓണ്‍ലൈന്‍ ഇടപാടുകളും നടത്തിയിട്ടില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. എ.ടി.എം. കൗണ്ടറുകളിലും കടകള്‍, പെട്രോള്‍ പമ്ബ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വൈപ്പ് മെഷീനിലുമാണ് ആകെ ഉപയോഗിച്ചിട്ടുള്ളതെന്നും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കാര്‍ഡ് ക്ലോണിങ്

എ.ടി.എമ്മിലോ പി.ഒ.എസ്. (പോയിന്റ് ഓഫ് സെയില്‍) മെഷീനിലോ കാര്‍ഡ് ക്ലോണിങ് ഉപകരണം സ്ഥാപിച്ച്‌ കാര്‍ഡ് സ്വൈപ്പ് ചെയ്യുമ്ബോള്‍ വിവരം ശേഖരിക്കുന്നു. ഇങ്ങനെ ലഭിച്ച വിവരങ്ങള്‍വെച്ച്‌ കാര്‍ഡ് വ്യാജമായി നിര്‍മിച്ച്‌ പണം തട്ടിയെടുക്കാം.

തരംഗങ്ങള്‍ വഴി വരുന്ന വിവരങ്ങള്‍ ശേഖരിക്കുന്നു

വ്യാപാര സ്ഥാപനങ്ങളിലോ പെട്രോള്‍ പമ്ബുകളിലോ എ.ടി.എം. കാര്‍ഡ് സ്വൈപ്പ് ചെയ്യുമ്ബോള്‍ പുറത്തുവരുന്ന തരംഗങ്ങള്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഉപകരണം വഴി ശേഖരിക്കുന്നു. ഈ തരംഗങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍നിന്ന് പിന്‍ നമ്ബര്‍ കണ്ടെത്തി, കാര്‍ഡ് വ്യാജമായി നിര്‍മിച്ച്‌ പണം തട്ടാനും സാധ്യതയുണ്ട്.