സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150 വര്‍ഷം: ചരിത്ര ഫോട്ടോപ്രദര്‍ശനം നാളെ (നവംബര്‍ 7) സമാപിക്കും



സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടേറിയറ്റിലെ സൗത്ത് സാന്‍വിച്ച്‌ ബ്‌ളോക്കിന് സമീപം സംഘടിപ്പിച്ച ചരിത്ര ഫോട്ടോപ്രദര്‍ശനം നാളെ (നവംബര്‍ 7) സമാപിക്കും. സെക്രട്ടേറിയറ്റിന്റെ ചരിത്രവും മന്ത്രിസഭകളെക്കുറിച്ചും കേരളം ഭരിച്ച മുഖ്യമന്ത്രിമാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ കോര്‍ത്തിണക്കിയാണ് ഫോട്ടോപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒമ്ബതു മണി വരെ പ്രദര്‍ശനം കാണാന്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇ. എം. എസ് നമ്ബൂതിരിപ്പാടു മുതലുള്ളവരുടെ സത്യപ്രതിജ്ഞയുടെ ചിത്രങ്ങള്‍ ഒരു ഭാഗത്ത് ഒരുക്കിയിട്ടുണ്ട്. പഴയ നിയമസഭാ ഹാള്‍, പഴയ സെക്രട്ടേറിയറ്റ് മന്ദിരം, തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരി തിരുനാള്‍ ബാലരാമവര്‍മ ചുമതലയേറ്റ ശേഷം ദര്‍ബാര്‍ ഹാളിന് മുന്നില്‍ നിന്ന് സല്യൂട്ട് സ്വീകരിക്കുന്നത്, ദര്‍ബാര്‍ ഹാളില്‍ നടന്ന രാജാവിന്റെ ദര്‍ബാര്‍, സെക്രട്ടേറിയറ്റിന് മുകളിലെ നാഴികമണിയുടെ കഥ തുടങ്ങി രസകരവും കൗതുകകരവുമായ നിരവധി വിവരങ്ങളും ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ട്. കേരളത്തിന്റെ ഭരണ സംവിധാനത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണ് പ്രദര്‍ശനം വിശദമാക്കുന്നത്. വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി പേരാണ് ദിനവും പ്രദര്‍ശനം കാണാനെത്തുന്നത്.

2019 ആഗസ്റ്റ് 23നാണ് സെക്രട്ടേറിയറ്റ് മന്ദിരത്തിന് 150 വര്‍ഷം പൂര്‍ത്തിയായത്. 1869 ജൂലൈ എട്ടിനാണ് ആയില്യം തിരുനാള്‍ മഹാരാജാവ് മന്ദിരം ഉദ്ഘാടനം ചെയ്തതെങ്കിലും ആഗസ്റ്റ് 23നാണ് ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. രണ്ടു വര്‍ഷം കൊണ്ട് പണി തീര്‍ക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നാലു വര്‍ഷമെടുത്തു. പബ്‌ളിക് ഓഫീസ് പണിയെന്നാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പിന്റെ രേഖകള്‍.