ഇന്ന് നല്ലനടപ്പ് ദിനം : 'നല്ലനടപ്പിലായ' കേരളീയര്‍ 296
ആലപ്പുഴ: കേരളം വെള്ളിയാഴ്ച 'നല്ലനടപ്പ് ദിനം' ആചരിക്കും. കുറ്റവാളികളുടെ എണ്ണം കുറയ്ക്കാനും നല്ലനടപ്പ് നിയമം പ്രാബല്യത്തിലാക്കാനും ഇതിന്മേല്‍ സമൂഹത്തില്‍ വ്യാപകമായ അവബോധം സൃഷ്ടിക്കാനുമാണ് നല്ലനടപ്പു ദിനം ആചരിക്കുന്നത്.
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 നല്ലനടപ്പ് ദിനമായി കേരളം പ്രഖ്യാപിച്ചത് ഈ വര്‍ഷമാണ്. ഈവര്‍ഷം ജനുവരി മുതലാണ് സംസ്ഥാനത്ത് നല്ലനടപ്പ് നിയമം കാര്യക്ഷമമായി നടപ്പാക്കിത്തുടങ്ങിയത്.
സെപ്റ്റംബര്‍ വരെ 291 പേരാണ് ഇപ്പോള്‍ നല്ലനടപ്പിലുള്ളത്. സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതല്‍ പേര്‍ നല്ലനടപ്പിലായത് ആലപ്പുഴ ജില്ലയില്‍നിന്നാണ് - 35. കുറവ് കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലാണ് - യഥാക്രമം അഞ്ചും ആറും പേര്‍ മാത്രം.
നല്ലനടപ്പ് രണ്ടുതരം
രണ്ടുതരം നല്ലനടപ്പാണുള്ളത്. കോടതികള്‍ ശിക്ഷിക്കാതെ വെറുതെവിടുന്നതും ശിക്ഷാ പ്രതികളെ നല്ല പെരുമാറ്റത്തിന്റെയും സ്വഭാവത്തിലെ നല്ല മാറ്റത്തിന്റെയും അടിസ്ഥാനത്തില്‍ നല്ലനടപ്പിനു വിടുകയും ചെയ്യുന്നത്. ഇങ്ങനെ കോടതികള്‍ നേരിട്ട് നല്ലനടപ്പിനു വിട്ടവര്‍ 215 പേരുണ്ട്. ശിക്ഷാ പ്രതികളില്‍നിന്നു നല്ലനടപ്പിലേക്കു വന്നവര്‍ 81 പേരുമാണുള്ളത്.
ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെയും പോലീസിന്റെയും തുടര്‍ച്ചയായ നിരീക്ഷണത്തില്‍ കുറ്റവാളിയായ ആളെ കുടുംബത്തോടൊപ്പം ജീവിക്കാന്‍ വിടുകയെന്നതാണ് നല്ലനടപ്പ്. ഇതിനുവിടുന്ന ആള്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ തിരിച്ച് ജയിലിലേക്കു പോകേണ്ടിവരും. നല്ലനടപ്പിനുവിട്ട 296 പേരുടെ പെരുമാറ്റം പരിശോധിച്ചപ്പോള്‍ ഇതുവരെ യാതൊരു പ്രശ്നവും കണ്ടെത്തിയിട്ടില്ല. നാലുവര്‍ഷമാണ് നല്ലനടപ്പ് കാലാവധി. ഇതു കഴിഞ്ഞാല്‍ ഇവര്‍ സ്വതന്ത്രരാവും.
കോടതികളില്‍നിന്നു ശിക്ഷിക്കാതെ നല്ലനടപ്പിനു വിട്ടവര്‍, ശിക്ഷയ്ക്കിടെ നല്ലനടപ്പ് ലഭിച്ചവര്‍, ജില്ലയില്‍ ആകെ എത്രപേര്‍ എന്നീ ക്രമത്തില്‍ ചുവടെ:
തിരുവനന്തപുരം 21 12 33
കൊല്ലം 20 7 27
ആലപ്പുഴ 29 6 35
പത്തനംതിട്ട 4 2 6
ഇടുക്കി 12 10 22
കോട്ടയം 18 10 28
എറണാകുളം 25 7 32
തൃശ്ശൂര്‍ 5 7 12
പാലക്കാട് 24 4 28
മലപ്പുറം 18 5 23
കോഴിക്കോട് 8 4 12
വയനാട് 8 2 10
കണ്ണൂര്‍ 18 5 23
കാസര്‍കോട് 5 0 5
0 Comments