ചിറ്റാരിപ്പറമ്ബ് പഞ്ചായത്ത് പൊതുശ്മശാനം: പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്




ചിറ്റാരിപ്പറമ്ബ്: ശ്മശാന ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവരുന്ന ചിറ്റാരിപ്പറമ്ബ് പഞ്ചായത്ത് പൊതുശ്മശാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കളക്ടറുടെ ഉത്തരവ്.

ചിറ്റാരിപ്പറമ്ബ് പതിനഞ്ചാംമൈലില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്മശാനത്തില്‍ ആധുനികരീതിയിലുള്ള വാതകശ്മശാനം നിര്‍മിക്കുന്നതുവരെ നിലവിലുള്ള ശ്മശാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് കളക്ടറുടെ ഉത്തരവ്.

1982-ല്‍ ഗ്രാമപ്പഞ്ചായത്ത് വിലയ്ക്കുവാങ്ങിയ സ്ഥലത്ത് 30 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ശ്മശാന കെട്ടിടം 2017 മാര്‍ച്ച്‌ ഇരുപതിനാണ് ഉദ്ഘാടനംചെയ്തത്.

ശ്മശാനത്തില്‍ ചിരട്ടയും മടലും ഉപയോഗിച്ച്‌ ശവസംസ്കാരം നടക്കുമ്ബോളുണ്ടാകുന്ന രൂക്ഷമായ പുകയും മണവുംകൊണ്ട് പരിസരമലനീകരണം ഉണ്ടാക്കുന്നതായും ശവസംസ്കാരം നടക്കുമ്ബോള്‍ ശ്മശാനത്തിന് സമീപത്തെ ഇരുപതോളം വീട്ടുകാര്‍ക്ക് വീട്ടിനുള്ളില്‍ നില്‍ക്കാന്‍കഴിയുന്നില്ലെന്നും കാണിച്ച്‌ പരിസരവാസികള്‍ പഞ്ചായത്ത്, വില്ലേജ്, കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
എ.ഡി.എമ്മിന്റെ നിര്‍ദേശപ്രകാരം മാനന്തേരി വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. തുടര്‍ന്ന് വീട്ടുകാര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി. കോടതി നിര്‍ദേശപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച്‌ പരിസരമലിനീകരണം കോടതിക്ക് റിപ്പോര്‍ട്ടുചെയ്തു. കോടതി ഉത്തരവ് പ്രകാരം ബന്ധപ്പെട്ട കക്ഷികളുമായി നേരിട്ട് ചര്‍ച്ചനടത്തി ഉചിതമായ തീരുമാനമെടുക്കാന്‍ കളക്ടറോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് എ.ഡി.എം. സ്ഥലപരിശോധനനടത്തുകയും ജില്ലാ കളക്ടറുടെ ശ്മശാന ലൈസന്‍സ് ഇല്ലാതെയാണ് ശ്മശാനം പ്രവര്‍ത്തിക്കുന്നതെന്നും ശവസംസ്കാരസമയത്ത് പരിസരമലിനീകരണം ഉണ്ടാകുന്നുണ്ടെന്നും കണ്ടത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആധുനിക വാതകശ്മശാനം നിര്‍മിച്ച്‌ പ്രവര്‍ത്തനസജ്ജമാകുന്നതുവരെ ശ്മശാനത്തില്‍ ശവസംസ്കാരം നടത്തുന്നത് നിര്‍ത്തിവെച്ച്‌ ഉത്തരവായത്.

പഞ്ചായത്ത് പൊതുശ്മശാനം വാതകശ്മശാനമാക്കിമാറ്റാന്‍ ഫണ്ട് പാസായിട്ടുണ്ട്. ശ്മശാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് ഇതുവരെ കിട്ടിയിട്ടില്ല.

ടി.എം.പ്രമീള (സെക്രട്ടറി, ചിറ്റാരിപ്പറമ്ബ് ഗ്രാമപ്പഞ്ചായത്ത്)