തിരുവനന്തപുരം: സ്പീക്കറുടെ ഡയസിൽക്കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ അംഗങ്ങൾക്ക് ശാസന. റോജി ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, ഐ.സി.ബാലകൃഷ്ണൻ എന്നിവരെയാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ശാസിച്ചത്. 303-ാം ചട്ടപ്രകാരമാണ് നടപടി. ഇവർ സാമാന്യ മര്യദയും ചട്ടങ്ങളും ലംഘിച്ചു. വ്യക്തിപരമായ നടപടിയല്ലെന്നും ജനാധിപത്യ സമൂഹത്തെ ബാധിക്കുന്ന നടപടികളിലാണ് ശിക്ഷയെന്നും സ്പീക്കർ ശാസന നൽകിക്കൊണ്ട് പറഞ്ഞു.
അതേ സമയം പ്രതിപക്ഷം നടപടി അംഗീകരിച്ചില്ല. ചോദ്യോത്തരവേള ബഹിഷ്ക്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. സ്പീക്കറുടെ നടപടി അംഗീകരിക്കാനുള്ള ജനാധിപത്യബോധം ഉയർത്തിപ്പിടിക്കണമെന്നും എല്ലാകാലത്തും അതുണ്ടായിട്ടുണ്ടെന്നും പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.
കക്ഷിനേതാക്കളുടെ യോഗത്തിൽ പോലും ചർച്ച ചെയ്യാതെയാണ് സ്പീക്കറുടെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഏകപക്ഷീയമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. 2015-മാർച്ചിൽ ബജറ്റ് അവതരണം തടസ്സപ്പെടുത്തി പി.ശ്രീരാമകൃഷ്ണൻ അടക്കമുള്ള അന്നത്തെ പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ കസേര എടുത്തെറിഞ്ഞ ചിത്രങ്ങളും പ്ലക്കാർഡുകളുമായിട്ടാണ് യുഡിഎഫ് അംഗങ്ങൾ ഇന്ന് സഭയിലെത്തിയത്.
നിയമസഭാ മാർച്ചിനിടെ ഷാഫി പറമ്പിൽ എം.എൽ.എ.യെയും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ഉൾപ്പെടെയുള്ള പ്രവർത്തകരെയും പോലീസ് മർദിച്ചതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് എംഎൽഎമാർ സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചത്.

0 Comments