ബലാത്സംഗക്കൊല: തെലങ്കാനയില്‍ പ്രതിഷേധം കത്തുന്നു; ജനരോക്ഷത്തെ തുടര്‍ന്ന് മജിസ്‌ട്രേറ്റിനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു പ്രതികളെ റിമാന്‍ഡ് ചെയ്തു.


ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മണ്ഡല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്. ജഡ്ജ് അവധിയായിരുന്നതിനാലും പ്രതികള്‍ക്കെതിരായ കടുത്ത പ്രതിഷേധം കണക്കിലെടുത്തുമാണ് മഹാബുബന്‍നഗറിലെ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ഹാജരാക്കാതെ പ്രതികളെ മണ്ഡല്‍ കോടതിയില്‍ ഹാജരാക്കിയത്.
കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പ്രതികളായ ചിന്താകുണ്ഡ ചെന്നകേശവലു, ജൊല്ലു ശിവ, ജൊല്ലു നവീന്‍, മുഹമ്മദ് ആരിഫ് എന്നിവരെ ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഡോക്ടര്‍മാരെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചാണ് പ്രതികളുടെ വൈദ്യ പരിശോധന നടത്തിയത്. മജിസ്‌ട്രേറ്റിനെതും പ്രതിഷേധം കടുത്തതോടെ മണ്ഡല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിനെയും പിന്‍വാതിലിലൂടെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കേണ്ടി വന്നു.
പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ബുധനാഴ്ച രാത്രിയിലാണ് നിര്‍ഭയ മാതൃകയില്‍ രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. വെറ്റിനറി ഡോക്ടറായ രംഗണ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. രംഗണയുടെ സ്‌കൂട്ടര്‍ പഞ്ചറാക്കിയ ശേഷം സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടിയ പ്രതികള്‍ ഇവരെ ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു.