കണ്ണൂർ : ബത്തേരി ഗവണ്മെന്റ് സർവ്വ ജന സ്കൂളിലെ, യു.പി. സ്കൂൾ വിദ്യാർത്ഥിനി സഹല ഷെറിൻ സ്കൂളിൽ നിന്നും പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ, സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന പ്രിൻസിപ്പലിനെ കൂടി സസ്‌പെൻഡ് ചെയ്ത നടപടി അങ്ങേഅറ്റം അപലപനീയവും സാമാന്യ യുക്തിക്ക് നിരക്കാത്തതുമാണെന്ന് എയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ ടീച്ചേർസ് അസോസിയേഷൻ (A.H.S.T.A.) ജില്ലാ കമ്മിറ്റി വിലയിരുത്തി.
നിലവിൽ ഒന്നു മുതൽ പത്തു വരെ ക്ലാസ്സിലെ കുട്ടികളുടെയും അധ്യാപകരുടെയും ഭരണചുമതല സെക്കണ്ടറി പ്രിൻസിപ്പൽ അഥവാ ഹെഡ്മാസ്റ്ററിൽ നിക്ഷിപ്തമാണ്. വ്യത്യസ്ത കെട്ടിടത്തിൽ നടന്നതും, വ്യത്യസ്ത സ്ഥാപന മേധാവികളുടെ അധികാരത്തിൽ പെടുന്നതുമായ ഒരു വിഷയത്തിൽ, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ കുറ്റവാളി ആവുന്നത്, ഈ വിഭാഗത്തിലെ ജീവനക്കാരോടുള്ള ഗവർമെന്റിന്റെ പകപോക്കലിന്റെ ഉത്തമ ഉദാഹരണം ആണ്. സർവ്വജന സ്കൂളിലെ പ്രിൻസിപ്പൽ, മാതൃകപരമായ പ്രവർത്തനങ്ങൾ കൊണ്ട് സ്കൂളിനെ ഉന്നതിയിൽ എത്തിക്കുകയും, പൊതു ജനങ്ങളിൽ പൊതു വിദ്യാഭ്യാസത്തിന് അനുകൂലമാക്കുകയും ചെയ്ത പ്രിൻസിപ്പൽ ആണ്.
സമാന സാഹചര്യം ഹോസ്പിറ്റലിൽ ഉണ്ടായപ്പോൾ duty ഡോക്ടറെ മാത്രം സസ്‌പെൻഡ് ചെയ്യുകയും, ഹോസ്പിറ്റലിലെ ഉന്നത അധികാരികൾക്കെതിരെ നടപടി എടുക്കാതെ ഇരുന്നതും കൂട്ടി വായിക്കേണ്ടതാണ്.
യഥാർത്ഥ കുറ്റവാളികളെ രക്ഷപെടുത്താനും, ജന രോഷത്തിൽ നിന്നും രക്ഷപെടാനുമായി, സംഭവവുമായി ബന്ധമില്ലാത്തവരെ കൂടി ബലിയാടാക്കി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന നടപടികൾ അംഗീകരിക്കാൻ കഴിയില്ല. ഒരു ഓഫീസ് സ്റ്റാഫ് പോലും ഇല്ലാതിരുന്നിട്ടും, ഹയർ സെക്കന്ററി വിഭാഗത്തിന്റെ അക്കാദമികവും ഭരണ പരവുമായ മുഴുവൻ ജോലികളും കൃത്യമായും സമയബന്ധിതമായും, നിർവ്വഹിക്കുന്ന പ്രിൻസിപ്പൽമാരെ വേട്ടയാടി, അവരുടെ മനോവീര്യം തകർക്കാനുള്ള ശ്രമം വിദ്യാഭ്യാസ വകുപ്പ് ഉപേക്ഷിക്കണം.
ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ഈ വർഷം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞ മൂന്നു തീരുമാനങ്ങളിൽ L.P., U.P., H.S.ഭരണം പ്രിൻസിപ്പലിന് ആണെന്ന് പറയുന്നില്ല. L.P., U.P., H.S. ക്ലാസ്സ് മുറികളുടെ അറ്റകുറ്റ പണി നടത്താനുള്ള ഉത്തരവാദിത്തം നിലവിൽ സെക്കണ്ടറി പ്രിൻസിപ്പൽ അഥവാ ഹെഡ്മാസ്റ്റർക്കാണ്. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഏകീകരണത്തിന്റെ മറ പിടിച്ച്, നിലവിലെ ചുമതലകളിൽ മാറ്റം വരുത്താതെയും, ഉത്തരവാദിത്വങ്ങൾ നിർവചിക്കാതെയും, ഹയർ സെക്കന്ററി പ്രിൻസിപ്പൽ മാർക്കെതിരെ നടപടി എടുക്കാനുള്ള തീരുമാനം ചട്ടവിരുദ്ധമാണ്.
ബത്തേരിയിലെ ഞങ്ങളുട കുഞ്ഞ് " സഹല ഷെറിന്റെ " നിര്യാണത്തിൽ അഗാധ ദുഖം രേഖപ്പെടുത്തുന്നതിനൊപ്പം, ഈ സംഭവങ്ങളുമായി ഒരു ബന്ധവുമില്ലാത്ത പ്രിൻസിപാലിനെതിരായ പ്രതികാര നടപടി പിൻവലിച്ചു, അദ്ദേഹത്തെ ഉടൻ തന്നെ സർവീസിൽ പുനഃപ്രവേശിപ്പിക്കണമെന്ന് A.H.S.T.A. കണ്ണൂർ ജില്ലാ കമ്മിറ്റി ശക്തമായി ആവശ്യപ്പെടുന്നു. സംസ്ഥാന സെക്രട്ടറി എ സി മനോജ് .ജില്ലാ പ്രസിഡന്റ് എംഎം ബെന്നി . സെക്രട്ടറി സി കെ ഷക്കീർ
. ട്രഷറർ ജുബിൻ ജോസ്. പ്രിൻസിപ്പൽ ഫോറം ചെയർമാൻ എം. ടി. ജെയിംസ്, അബ്ദുൽസലാം. ജെക്സിൻ ടി ജോസ് . പ്രതീഷ് വി സി . രതീഷ് വി വി തുടങ്ങിയവർ സംസാരിച്ചു.

0 Comments