കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നിറ്റ ജലാറ്റിന്‍; 200 കോടി നിക്ഷേപിക്കും; മുഖ്യമന്ത്രിക്കു വാഗ്ദാനം





തിരുവനന്തപുരം: ജപ്പാനിലെ ഒസാക്കയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത നിക്ഷേപ സെമിനാറില്‍ ജപ്പാനില്‍ നിന്ന് കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് വാഗ്ദാനം. നിറ്റ ജലാറ്റിന്‍ കേരളത്തിലെ സംരംഭങ്ങളില്‍ 200 കോടി രൂപ അധിക നിക്ഷേപം വാഗ്ദാനം ചെയ്തു. എട്ട് ജാപ്പനീസ് കമ്ബനികള്‍ കേരളത്തില്‍ നിക്ഷേപം തുടങ്ങാന്‍ താല്‍പര്യവും അറിയിച്ചു.

നിറ്റ ജലാറ്റിന്‍ ഡയറക്ടര്‍ ഹിരോഷി നിട്ടയാണ് കമ്ബനിയെ പ്രതിനിധീകരിച്ച്‌ പ്രഖ്യാപനം നടത്തിയത്. ഒസാക്ക ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയില്‍ ഒസാക്കകോബിയിലെ കോണ്‍സുലേറ്റ് ജനറലും കേരള സര്‍ക്കാരും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ഇന്ത്യയിലെ ഫാക്ടറി എവിടെ വേണമെന്ന് പിതാവിന് തീരുമാനമെടുക്കേണ്ടി വന്നപ്പോള്‍ കേരളത്തെ തെരഞ്ഞെടുത്തു എന്നതില്‍ സന്തോഷമുണ്ടെന്ന് ഹിരോഷി നിട്ട പറഞ്ഞു. ലോജിസ്റ്റിക്കിനനുഗുണമായ നല്ല തീരുമാനമായിരുന്നു അതെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.