മഞ്ഞുരുകുന്നു! ഷെയ്ന് പ്രശ്നം: വിലക്ക് നീക്കണമെന്ന ആവശ്യവുമായി 'അമ്മ'യും; വിട്ടുവീഴ്ച്ചയ്ക്ക് തയാറായി നിര്‍മാതാക്കള്‍
കൊച്ചി: യുവനടന് ഷെയ്ന് നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ കര്‍ശന നടപടിയില്‍ നിന്ന് വിട്ടുവീഴ്ച്ചയ്ക്കൊരുങ്ങി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഷെയ്നെ വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ സിനിമാ മേഖലയില്‍ നിന്ന് സമിശ്ര പ്രതികരണം ഉണ്ടായതിനെ തുടര്‍ന്നാണ് വിട്ടുവീഴ്ചയ്ക്ക് നിര്‍മാതാക്കള്‍ തയാറായത്. ഒപ്പം താരസംഘടനയായ 'അമ്മ' യും വിലക്ക് നീക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഷെയ്ന്റെ നിസഹകരണം മൂലം ചിത്രീകരണം മുടങ്ങിയ രണ്ടു സിനിമകള്‍ക്കുണ്ടായ നഷ്ടം നികത്താതെ തുടര്‍ന്നുള്ള ഒരു സിനിമയിലും അഭിനയിപ്പിക്കേണ്ട എന്ന ശക്തമായ നിലപാടില്‍ നിന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഇപ്പോള്‍ അയഞ്ഞിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തീകരിച്ചാല്‍ ഷെയ്ന്റെ വിലക്ക് നീക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ ഇന്ന് വ്യക്തമാക്കി. മാത്രമല്ല, തെറ്റ് സ്വയം തിരിച്ചറിഞ്ഞ് തിരുത്തുകയും വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. വെയില്, കുര്‍ബാനി എന്നീ സിനിമകളാണ് ഷെയ്ന്റെ നിസഹകരണം മൂലം ഷൂട്ടിംഗ് മുടങ്ങിയത്. രണ്ട് സിനിമകള്‍ക്കുമായി ഏഴു കോടി രൂപ നഷ്ടം സംഭവിച്ചിട്ടുണ്ട്.
ഇതു നല്‍കാതെ തുടര്‍ന്ന് ഒരു സിനിമയിലും ഷെയ്നെ അഭിനയിപ്പിക്കേണ്ട എന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് സിനിമ മേഖലയില്‍ നിന്നുള്ള വ്യക്തികളും സംഘടനകളും പ്രതികരണങ്ങള്‍ നടത്തിയത്. ഷെയ്ന്റെ നടപടികളെ ശക്തമായി വിമര്‍ശിക്കുന്പോഴും ഒരാളുടെ ജോലിയെ തടസപ്പെടുത്തുംവിധം വിലക്ക് ഏര്‍പ്പെടുത്തുന്നതിനോട് താര സംഘടനയായ അമ്മയ്ക്ക് യോജിപ്പില്ല. കാര്യങ്ങള്‍ ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കുന്നതിനോടാണ് ഇവര്‍ക്ക് താല്പര്യം.
0 Comments