കാട്ടാംബള്ളിയിലെ സാഹസിക ജലകായിക വിനോദ സെന്റര്‍ കാടുകയറുന്നു







മയ്യില്‍: ജലകായിക വിനോദം പരിപോഷിപ്പിക്കുന്നതിനായി കാട്ടാമ്ബള്ളി അണക്കെട്ടിനുസമീപം നിര്‍മിച്ച കെട്ടിടം കാടുകയറുന്നു. സംസ്ഥാന ടൂറിസം വകുപ്പിനുകീഴില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ രണ്ട് ഘട്ടമായി സെന്ററിന്റെ പണി പൂര്‍ത്തിയാക്കാനാണുദ്ദേശിച്ചത്. ഇതിനായി ഒന്നാംഘട്ടത്തില്‍ 60 ലക്ഷം രൂപ ചെലവഴിച്ച്‌ ഇരുനിലക്കെട്ടിടത്തിന്റെയും കഫ്റ്റീരിയയുടെയും പണി ഒരുവര്‍ഷം മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു.

വിദേശികളും തദ്ദേശീയരുമായ സാഹസിക ജലകായിക പ്രേമികളെ ഉദ്ദേശിച്ച്‌ മുന്‍ ജില്ലാ കളക്ടര്‍ മിര്‍ മൂഹമ്മദലിയാണ് പദ്ധതി തയ്യാറാക്കിയത്. ഒന്നാംഘട്ടം പ്രവൃത്തി പൂര്‍ത്തിയാക്കി കയാക്കിങ് ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു.

നാറാത്ത് പഞ്ചായത്തിലെ സ്റ്റെപ്പ് റോഡിനുസമീപത്തെ പുഴയോരമായതിനാല്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താനും വിവിധ തരത്തിലുള്ള ബോട്ടുകള്‍ വാങ്ങല്‍, ചുറ്റുമതില്‍ നിര്‍മാണം, ഇന്റര്‍ ലോക്ക് പാകല്‍, വിവിധ ഉപകരണങ്ങള്‍ എത്തിക്കല്‍ എന്നിവയാണ് രണ്ടാംഘട്ടത്തിലുദ്ദേശിച്ചിരുന്നത്. ഇതിനായി 99 ലക്ഷം രൂപയുടെ ഫണ്ടാണ് അനുവദിച്ചിരുന്നത്.

രണ്ടാംഘട്ടം മൂന്നുമാസത്തിനകം തുടങ്ങും

എന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് ഫണ്ട് ലഭിക്കാത്തതാണ് സെന്ററിന്റെ പണി ഇഴഞ്ഞുപോകുന്നതിന് കാരണമായതെന്നും മൂന്നുമാസത്തിനകം പ്രവൃത്തി തുടങ്ങുമെന്നും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിതേഷ് ജോസ് പറഞ്ഞു.