വില വര്‍ധന: സപ്ലൈകോ വഴി സവാള സംഭരിക്കാനും വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: കുത്തനെ കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടുന്നു. സവാള സംഭരിച്ച് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യാന്‍ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.
സവാള വിലവര്‍ധനവിനെ തുടര്‍ന്ന് ഒക്ടോബര്‍ ആദ്യം സപ്ലൈകോ കിലോ 38 രൂപ നിരക്കില്‍ സവാള സംഭരിച്ച് സംസ്ഥാനത്ത് വിതരണം നടത്തിയിരുന്നു. ഇതേ രീതിയില്‍ കുറഞ്ഞ വിലയ്ക്ക് സവാള സംഭരിച്ച് വിതരണം നടത്താനാണ് സപ്ലൈകോ ഉദ്ദേശിക്കുന്നത്.
എന്നാല്‍ വില വര്‍ധനവിനൊപ്പം സവാളയുടെ ലഭ്യതക്കുറവും സംഭരണത്തെ ബാധിച്ചേക്കാമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. സവാളയുടെ ഉത്പാദത്തിലും ലഭ്യതയിലുമുണ്ടായ കുറവ് കാരണം വിദേശത്ത് നിന്നുള്ള ഇറക്കുമതിയെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
നിലവില്‍ കിലോയ്ക്ക് 70 രൂപയാണ് സവാളയുടെ മാര്‍ക്കറ്റ് വില. വില നിയന്ത്രിക്കാനുള്ള നടപടികള്‍ക്കൊപ്പം കുറഞ്ഞ വിലയില്‍ സവാള ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.


0 Comments