തീപിടുത്തം നേരിടാന്‍ സര്‍വസന്നാഹമൊരുക്കി അഗ്നിസുരക്ഷാസേന
പത്തനംതിട്ട: മണ്ഡല-മകരവിളക്കുല്‍സവത്തിന് നടതുറന്ന് ഒരാഴ്ച പിന്നിടുമ്ബോള്‍ സന്നിധാനത്ത് അഗ്നിസുരക്ഷാ ബോധവല്‍ക്കരണ മുന്‍കരുതല്‍ പരിപാടികളുമായി സജീവമാണ് അഗ്നിസുരക്ഷാ സേന. ദേവസ്വം, പോലീസ് മെസുകള്‍, ഹോട്ടലുകള്‍, ഗോഡൗണുകള്‍, എല്‍.പി.ജി ഗോഡൗണ്‍ തുടങ്ങി തീപിടുത്ത സാധ്യതകളുള്ള വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കായി ഇരുപതിലേറെ ബോധവല്‍ക്കരണ ശില്‍പ്പശാലകളാണ് അഗ്നിസുരക്ഷാ സേന ഒരാഴ്ചയ്ക്കുള്ളില്‍ സന്നിധാനത്ത് സംഘടിപ്പിച്ചത്. അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും പ്രായോഗിക അവതരണവും ഇതോടൊപ്പം നടന്നു.
ആദ്യഘട്ടമെന്ന നിലയില്‍ സന്നിധാനത്തെ ഫയര്‍ ഹൈഡ്രന്റുകളുടെ പരിശോധനയും സേനാംഗങ്ങള്‍ നടത്തി. തകരാറുള്ളവ നന്നാക്കി. തീപിടുത്തം നേരിടാന്‍ വിപുലമായ ഒരുക്കങ്ങളാണ് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ആര്‍ അഭിലാഷിന്റേയും സ്റ്റേഷന്‍ ഓഫീസര്‍ എസ്. ഗോപകുമാറിന്റേയും നേതൃത്വത്തില്‍ നടത്തിയിട്ടുള്ളത്. സന്നിധാനത്തെ ഒന്‍പത് ഫയര്‍പോയിന്റുകളായി തിരിച്ചാണ് സേനയുടെ പ്രവര്‍ത്തനം. അപ്പം-അരവണ പ്ലാന്റുകള്‍, എല്‍.പി.ജി. ഗോഡൗണ്‍, കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, കൊപ്രാക്കളം, തീപിടത്ത സാധ്യതയുള്ള മറ്റിടങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. തീപിടുത്ത പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്തി.
മരക്കൂട്ടം, ശരംകുത്തി, കെ.എസ്.ഇ.ബി, നടപ്പന്തല്‍, കൊപ്രാക്കളം, സോപാനം, മാളികപ്പുറം, ഭസ്മക്കുളം, പാണ്ടിത്താവളം എന്നിങ്ങനെ പോയിന്റുകള്‍ തിരിച്ച് ആറുപേരെ വീതം നിയോഗിച്ചിട്ടുണ്ട്. സോപാനത്ത് മാത്രം നാലുപേരാണ് ഡ്യൂട്ടിയിലുണ്ടാകുക. മൊത്തം 66 സേനാംഗങ്ങളാണ് സന്നിധാനത്തുള്ളത്. ഡ്യൂട്ടിചെയ്യുന്ന സ്ഥലവും വിശ്രമസ്ഥലവും ഒരിടത്തുതന്നെ ക്രമീകരിച്ചതിനാല്‍ ഏത് സമയവും സജ്ജമാണ് സേനാംഗങ്ങള്‍. 24മണിക്കൂര്‍ ഡ്യൂട്ടിയെന്ന രീതിയിലാണ് കാര്യങ്ങളുടെ ക്രമീകരണം. ആശയവിനിയമത്തിന് വയര്‍ലന്‍സ് സംവിധാനമാണ് ഉപയോഗിക്കുക.


0 Comments