കോടികള്‍ ചെലവഴിച്ച്‌ ഫുജൈറയില്‍ പള്ളി നിര്‍മ്മിച്ച്‌ നല്‍കി സജി ചെറിയാന്‍; ആദരിച്ച്‌ യുഎഇ ഭരണകൂടം










ജുമുഅ നിസ്‌കരിക്കാന്‍ വന്‍തുക മുടക്കി ടാക്‌സി വിളിച്ച്‌ തൊഴിലാളികള്‍; കോടികള്‍ ചെലവഴിച്ച്‌ ഫുജൈറയില്‍ പള്ളി നിര്‍മ്മിച്ച്‌ നല്‍കി സജി ചെറിയാന്‍; ആദരിച്ച്‌ യുഎഇ ഭരണകൂടം

അബുദാബി: തനിക്ക് എല്ലാസൗഭാഗ്യങ്ങളും നല്‍കിയ പോറ്റമ്മയായ നാടിന് തന്നാലാകും വിധം നന്മകള്‍ തിരിച്ചുനല്‍കി മലയാളി വ്യവസായി സജി ചെറിയാന്‍. വന്‍തുക മുടക്കി വെള്ളിയാഴ്ച ജുമുഅ നിസ്‌കരിക്കാനായി തൊഴിലാളികള്‍ ടാക്‌സിയില്‍ നഗരത്തിലേക്ക് പോകുന്നത് കണ്ടാണ് സജി ചെറിയാന്‍ അവര്‍ക്ക് ആശ്വാസമേകാനായി ഫുജൈറയില്‍ പള്ളി നിര്‍മ്മിച്ച്‌ നല്‍കിയത്. അന്യന്റെ പ്രതിസന്ധിയെ പുഞ്ചിരിയാക്കി മാറ്റാന്‍ കാരുണ്യത്തിന്റെ വെളിച്ചം നല്‍കിയ സജി ചെറിയാനെ ആദരിച്ച്‌ യുഎഇ ഭരണകൂടം കൃതജ്ഞത അറിയിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

ക്രൈസ്തവ വിശ്വാസിയായ മലയാളി വ്യവസായി സജി ചെറിയാനെ യുഎഇ രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്കുള്ള പയനീര്‍ അവാര്‍ഡ് സമ്മാനിച്ചാണു ആദരിച്ചത്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണു സജി ചെറിയാന്‍. അബുദാബി സാദിയാത് ഐലന്‍ഡിലെ സെന്റ് റഗിസ് ഹോട്ടലില്‍ നടന്ന വാര്‍ഷിക സര്‍ക്കാര്‍ സമ്മേളനത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സജി ചെറിയാന് അവാര്‍ഡ് സമ്മാനിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.



സജി ചെറിയാന്‍ 13 ലക്ഷം ദിര്‍ഹം ചെലവിലാണു ഫുജൈറ അല്‍ഹായില്‍ വ്യവസായ മേഖലയിലെ ലേബര്‍ ക്യാംപിനു സമീപം മുസ്ലിം പള്ളി നിര്‍മിച്ചുനല്‍കിയത്. പള്ളിക്ക് മറിയം ഉമ്മു ഈസ (മേരി, ദ് മദര്‍ ഓഫ് ജീസസ് മോസ്‌ക്) എന്നും പേരിട്ടു. ഇതര മതക്കാരനായ ഒരാള്‍ യുഎഇയില്‍ നിര്‍മ്മിച്ച ആദ്യത്തെ മുസ്ലിം പള്ളി ചരിത്രത്തിലും ഇടം നേടിയിരുന്നു. ഈ പള്ളിയില്‍ 250 പേര്‍ക്ക് നമസ്‌ക്കരിക്കാന്‍ സൗകര്യമുണ്ട്. മുറ്റത്തും പരിസരങ്ങളിലുമായി കൂടുതല്‍ 500 പേര്‍ക്ക് നമസ്‌ക്കരിക്കാം. റമസാനില്‍ 28,000 പേര്‍ക്ക് ഇഫ്താര്‍ നല്‍കിവരുന്ന സജി മുസ്ലിം സഹോദരങ്ങള്‍ക്കൊപ്പം 13 വര്‍ഷമായി വ്രതമെടുക്കാറുള്ളയാള്‍ കൂടിയാണ്.

ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരത്തില്‍ അതിയായ സന്തോഷമുണ്ടെന്നും ഇതിന് യുഎഇയോടും ഭരണാധികാരികളോടും കടപ്പെട്ടിരിക്കുന്നുവെന്നും സജി ചെറിയാന്‍ പ്രതികരിച്ചു. ജാതിമത ഭേദമന്യേ ഇവിടെ വന്ന് ജോലിയും ബിസിനസും ചെയ്ത് ജീവിക്കാന്‍ അവസരം നല്‍കിയ ഈ നാടിനുവേണ്ടി തന്നാല്‍ കഴിയുന്നതു തിരിച്ചു നല്‍കുകയാണ് ചെയ്തതെന്നും അത് തുടരുമെന്നും സജി ചെറിയാന്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് ഇഫ്താറിന് അവസരമൊരുക്കുമെന്നും രാജ്യത്തിന്റെ ഇതര ജീവകാരുണ്യ പദ്ധതികളുമായി സഹകരിക്കുമെന്നും വ്യക്തമാക്കി.