റോഡ് അടച്ചിട്ട് ഇരിട്ടി പാലം ജങ്ഷന്‍ വീതികൂട്ടാന്‍ തുടങ്ങി





ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തസ്സംസ്ഥാനപാതയുടെ നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി പാലം ജങ്ഷന്‍ റോഡ് അടച്ചിട്ട് വീതികൂട്ടാന്‍ തുടങ്ങി. പകരം സംവിധാനമായി എടൂര്‍ ഭാഗത്തുനിന്ന്‌ വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ കോറമുക്ക്, ചീങ്ങാക്കുണ്ടം, പായം ജങ്‌ഷന്‍, കരിയാല്‍, ജബ്ബാര്‍ക്കടവ് വഴി ടൗണിലേക്ക് തിരിച്ചുവിട്ടു. കൂട്ടുപുഴ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ വള്ളിത്തോട് നിന്ന്‌ മലയോര ഹൈവേയിലേക്ക് കയറി ഉളിക്കല്‍, തന്തോട് വഴി ഇരിട്ടി ടൗണില്‍ പ്രവേശിക്കാനുമാണ് സൗകര്യം ഒരുക്കിയത്. ചെങ്കുത്തായ ഭൂമി ഇടിച്ച്‌ നിരപ്പാക്കുമ്ബോഴുണ്ടാകുന്ന അപകടങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് 30 വരെ രാത്രികാലങ്ങളില്‍ ഇത്തരത്തില്‍ പൂര്‍ണ നിരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

പുതിയ പാലം പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള കവല വീതികൂട്ടിയില്ലെങ്കില്‍ അപകടസാധ്യത ഏറെയാണെന്ന് ലോകബാങ്ക് സംഘം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഭൂമി അധികമായി ഏറ്റെടുത്തത്. ഒന്നര ഏക്കറോളം സ്ഥലം അധികം ഏറ്റെടുത്താണ് വീതികൂട്ടുന്നത്. കൂറ്റന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശം ഇടിച്ചു നിരപ്പാക്കുമ്ബോള്‍ പൂര്‍ണമായും ഗതഗാതം നിരോധിക്കണമെന്ന് കരാര്‍ കമ്ബനി കെ.എസ്.ടി.പി.ക്ക് കത്തുനല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇരിട്ടി സി.ഐ.യും നഗരസഭാധികൃതരും ബന്ധപ്പെട്ടവരുമായി നടത്തിയ ചാര്‍ച്ചയെ തുടര്‍ന്നാണ് റോഡ് അടച്ചിടാനും പകരം സംവിധാനം ഒരുക്കാനും തീരുമാനിച്ചത്.