ചീര കഴിച്ചാല്‍ ഡോറയുടേതു പോലെ മുടി വളരുമെന്ന് കുട്ടികളോട് പറയു; അടുക്കളയിലെ പാചകം അച്ഛനും അമ്മയും ഒരുമിച്ചാകട്ടെ'
കൊച്ചി: സൗകര്യമനുസരിച്ച് അച്ഛനും അമ്മയ്ക്കും ഒരുപോലെ പാചകത്തില്‍ പങ്കുവഹിക്കാമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്. വിഭവങ്ങളുടെ രുചിയേറ്റാന്‍ അല്പം സ്നേഹവും കൂടി ചേര്‍ത്താല്‍ മതി. കുട്ടികളുടെ ആരോഗ്യം മുന്‍നിര്‍ത്തി ഈ ആശയം പരമാവധി പ്രചരിപ്പിക്കാനുള്ള യത്നത്തിലാണ് വകുപ്പ്.
ഒന്നിച്ചുള്ള പാചകം, വിരസത അകറ്റാനും സര്‍ഗാത്മകമായി പുതിയ വിഭവങ്ങള്‍ പരീക്ഷിക്കാനും സഹായിക്കും. സമയമുള്ളപ്പോള്‍ പാചകത്തിന് കുട്ടികളെയും ഒപ്പം കൂട്ടാം. അവരറിയട്ടെ, പച്ചക്കറികളും പഴങ്ങളും എങ്ങനെയാണ് അവരുടെ ശക്തി മരുന്ന് ആകുന്നതെന്ന്.
കുഞ്ഞുങ്ങള്‍ വാശിക്കാരാണ്. ഇഷ്ടമുള്ളത് കിട്ടിയേ തീരൂവെന്ന് വാശി പിടിക്കും. അപ്പോളവരെ ഉപദേശിച്ചിട്ടും വലിയ പ്രയോജനമില്ല. ജങ്ക് ഫുഡ് കഴിക്കരുത്, അസുഖമുണ്ടാകും എന്നൊക്കെ നമ്മള്‍ പറഞ്ഞാലും അതിന്റെ സ്വാദ് മാത്രമേ അവര്‍ക്ക് അപ്പോള്‍ ഓര്‍മയുണ്ടാകൂ.
മുതിര്‍ന്നവരാകുമ്ബോള്‍, 'അയ്യോ എന്റെ പോക്കറ്റ് കാലിയാകുമല്ലോ, എന്റെ ആരോഗ്യം പോകുമല്ലോ, പൊണ്ണത്തടി വെക്കുമല്ലോ' എന്നെങ്കിലും ചിന്തിക്കും. എന്നാല്‍ കുട്ടികള്‍ക്ക് ഈ ചിന്തകളൊന്നുമില്ല. കുട്ടികള്‍ അനാരോഗ്യകരമായി തടിവെച്ച്, ഉറക്കം തൂങ്ങിയിരിക്കുന്നത് നമുക്ക് അത്ര ഇഷ്ടപ്പെടില്ലല്ലോ. അതുകൊണ്ട് പ്രതിവിധി മുതിര്‍ന്നവര്‍തന്നെ കാണണം'- വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
കുട്ടികള്‍ ആരോഗ്യത്തോടെ വളരാന്‍ അവര്‍ക്ക് ജങ്ക് ഫുഡുകള്‍ കൊടുത്ത് ശീലിപ്പിക്കാതിരിക്കുക. ജങ്ക് ഫുഡ് കൊടുക്കുകയാണെങ്കില്‍ത്തന്നെ അത് സ്ഥിരമാക്കരുത്. ഇടവേളകള്‍ എത്രയും കൂട്ടാമോ അത്രയും കൂട്ടുക.
വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊടുക്കുമ്ബോള്‍ അതുകൊണ്ട് എന്തൊക്കെ ഗുണമാണെന്ന് പറഞ്ഞുകൊടുക്കുക. ഉദാഹരണത്തിന് പാവയ്ക്ക കുറച്ച് കഴിച്ചാല്‍ത്തന്നെ ശക്തിമാന്‍ ആകാമെന്നോ ചീര കഴിച്ചാല്‍ ഡോറയുടേതു പോലെ മുടി വളരുമെന്നോ ഒക്കെ പറയുക
ജങ്ക് ഫുഡ് കഴിക്കുമ്ബോള്‍ ശക്തിമാന്റെ ശക്തി എങ്ങനെ കുറയുമെന്നും വേണമെങ്കില്‍ പറഞ്ഞു കൊടുക്കാം. കുട്ടികള്‍ക്ക് ഇഷ്ടമുള്ള സൂപ്പര്‍ ഹീറോകള്‍ ജങ്ക് ഫുഡ് കഴിക്കാറില്ല എന്നുപറഞ്ഞ് കൊടുക്കാം. എല്ലാ ദിവസവും ഒരേ ഭക്ഷണം ആവര്‍ത്തിക്കാതെ വ്യത്യസ്തത കൊണ്ടുവരാം


0 Comments