യു.എ.പി.എ: അലനും താഹയ്ക്കും ജാമ്യമില്ല




കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും ജാമ്യമില്ല. ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. പോലീസ് സമർപ്പിച്ച ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.


രണ്ട് പ്രതികളെയും കാണണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇവരുടെ ജാമ്യത്തെ എതിർത്ത് ഹിന്ദു ഐക്യവേദി സമർപ്പിച്ച ഹർജിയും കോടതിക്ക് മുൻപിലെത്തിയിരുന്നു. എന്നാൽ ഈ ഹർജി കോടതി പരിഗണിച്ചില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് വിദ്യാർഥികളെ മാവോവാദി ലഘുലേഖകൾ സഹിതം പോലീസ് അറസ്റ്റ് ചെയ്തത്.

സി.പി.എം പ്രവർത്തകർ കൂടിയായ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിന് സി.പി.എമ്മിന്റെ ഉള്ളിൽ നിന്ന് ഉൾപ്പടെ വലിയ വിമർശനം വന്നിരുന്നു. യു.എ.പി.എ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വാദങ്ങളൊന്നും ഇന്ന് കോടതിയിൽ ഉണ്ടായില്ല.

കഴിഞ്ഞ ദിവസം നടന്ന വാദത്തിൽ പ്രോസിക്യൂഷൻ പ്രതികളുടെ ജാമ്യാപേക്ഷയെ കാര്യമായി എതിർത്തിരുന്നില്ല. എന്നാൽ പോലീസ് സമർപ്പിച്ച ശക്തമായ തെളിവുകളും യു.എ.പി.എ ഒഴിവാക്കാത്തതുമാണ് ജാമ്യം നിഷേധിക്കാൻ കാരണമായത്. അതേസമയം പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് അപേക്ഷ സമർപ്പിച്ചിട്ടില്ല.