സവാളവിലയും മൊബൈല്‍ റീചാര്‍ജ് നിരക്കും കൂടുന്പോള്‍ ഹൃദയമിടിപ്പ് കൂടി അന്യസംസ്ഥാനക്കാര്‍
തൃശൂര്‍: പ്യാജ് ക ബാവ് ഏക്ദം ആസ്മാന് പഹൂന്ച ഗയ, സാബ്.... (സവാളയുടെ വില ആകാശത്തു എത്തിയില്ലേ സാറേ), മൈബൈല്‍ റീചാര്‍ജിങ് ക റേറ്റ് ഭി ബട് ഗയ.... (മൊബൈല്‍ റീചാര്‍ജ് ചെയ്യുന്ന റേറ്റ് കൂടി വര്‍ധിപ്പിച്ചില്ലേ) - ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പണി തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ സവാള വില വര്‍ധിപ്പിച്ചതിലും മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കൂട്ടിയതിലുമുള്ള വിഷമവും രോഷവും മറയില്ലാതെ പ്രകടിപ്പിച്ചു. തൃശൂരിലടക്കം സംസ്ഥാനത്തെ നിരവധി ഭാഗങ്ങളില്‍ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളടക്കമുള്ള പണികള്‍ക്കായി എത്തുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്തതായിരുന്നു സവാള. വൈകീട്ട് പണി കഴിഞ്ഞു പോകുന്പോള്‍ പ്ലാസ്റ്റിക് കിറ്റില്‍ സവാളയും പരിപ്പും കോഴിമുട്ടയുമൊക്കെയായി താമസ സ്ഥലത്തേക്ക് മടങ്ങുന്ന അന്യസംസ്ഥാനക്കാര്‍ ഇപ്പോള്‍ സവാളയെ ഒഴിവാക്കിയിരിക്കുന്നു. കിട്ടുന്ന പൈസ കൊണ്ട് സവാള മാത്രം വാങ്ങിയാല്‍ പോരല്ലോ എന്നാണ് ഇവരുടെ ചോദ്യം. മലയാളികളെ പോലെ അന്യസംസ്ഥാനക്കാരും സവാളയെ ഉപേക്ഷിച്ചിരിക്കുകയാണ്. പരിപ്പും സവാളയും പച്ചമുളകും ചേര്‍ത്തുണ്ടാക്കുന്ന സബ്ജി ഇപ്പോള്‍ തക്കാളിയും പരിപ്പും പച്ചമുളകും മാത്രം ചേര്‍ത്ത് സവാളയെ ഒഴിവാക്കിക്കൊണ്ടാണത്രെ ഉണ്ടാക്കുന്നത്. സവാളയുടെ വില വര്‍ധന പോലെ തന്നെ അന്യസംസ്ഥാന തൊഴിലാളികളെ ബാധിച്ചിരിക്കുന്ന മറ്റൊരു പ്രശ്നം മൊബൈല്‍ കന്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചതാണ്.മിക്കദിവസവും വൈകീട്ട് പണികള്‍ കഴിഞ്ഞ് നാട്ടിലേക്ക് വിളിക്കുന്നത് പതിവാണെന്നും എന്നാല്‍ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. അതുകൊണ്ടുതന്നെ ദിവസേനയുള്ള വിളി കുറച്ചെന്നും ഇവര്‍ പറഞ്ഞു. ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നുമെല്ലാമുള്ളവര് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണിയെടുക്കുന്നുണ്ട്.അവിടെയും സവാളയ്ക്ക് വന്‍ ഡിമാന്റാണെന്ന് വീട്ടിലേക്ക് വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞെന്നും ഇവര്‍ പറഞ്ഞു.
0 Comments