അംബേദ്കറുടെ സ്വപ്നമായ തുല്യനീതി മോദി ഭരണകൂടം അട്ടിമറിക്കുന്നു: സതീശൻ പാച്ചേനി
ഇന്ത്യൻ ഭരണഘടന തയ്യാറാക്കുമ്പോൾ എല്ലാ ഇന്ത്യക്കാർക്കും തുല്യമായ നീതി ലഭിക്കണമെന്നാണ് ഡോ.ബി.ആർ അംബേദ്ക്കർ സ്വപ്നം കണ്ടതെന്നും മോദി ഭരണകൂടം ഇപ്പോൾ വ്യാഖ്യാനിക്കുന്ന കാശ്മീരിലെ പ്രത്യേക പദവി ഒഴിവാക്കിയത് അംബേദ്ക്കറുടെ ആഗ്രഹമാണെന്ന തെറ്റിദ്ധാരണ പരത്തുകയാണെന്നും അംബേദ്കറുടെ സ്വപ്നമായ തുല്യനീതി മോദി ഭരണകൂടം അട്ടിമറിച്ച് കൊണ്ടിരിക്കുകയാണെന്നും സതീശൻ പാച്ചേനി പറഞ്ഞു.
ഭാരതീയ ദളിത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ.ബി.ആർ അംബേദ്കറുടെ അറുപത്തിമൂന്നാം ചരമദിനത്തോടനുബന്ധിച്ചു ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി .
ഇന്ത്യൻ ജനാധിപത്യത്തെ വെള്ളം ചേർക്കാതെ സംരക്ഷിക്കുകയും തുല്യനീതി ഉറപ്പാക്കുന്നതുമാണ് ഭരണഘടനാ ശില്പികൾ പ്രാമുഖ്യം നൽകിയത്.മാനുഷിക മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ജീവനും സ്വത്തിനും സംരക്ഷണം നൽകി വേർതിരിവുകൾ ഇല്ലാത്ത ഒരു ജനതയാണെന്ന കാഴ്ചപ്പാട് ജനാധിപത്യ രാജ്യത്ത് നിലനിൽക്കണം എന്നുള്ളതാണ് കോൺഗ്രസ്സ് ഗവൺമെന്റുകൾ മുന്നോട്ടുവെച്ചത് എന്നും ഇന്ന് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത തകർക്കാൻ ഭരണകൂടം തന്നെ ശ്രമിക്കുകയാണെന്നും പാച്ചേനി പറഞ്ഞു.
ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചുകൊണ്ടു് ജനാധിപത്യം സംരക്ഷിച്ചു മുന്നോട്ടു് പോകുവാൻ കോൺഗ്രസ്സ് നടത്തുന്ന എല്ലാ പ്രവർത്തനത്തിനും സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ പിൻതുണ ഉറപ്പാക്കണമെന്നും പാച്ചേനി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് വസന്ത് പളളിയാംമൂല അധ്യക്ഷത വഹിച്ചു. എം.പി.മുരളി, കെ.ബാലകൃഷ്ണൻ മാസ്റ്റർ പൊന്നമ്പേത്ത് ചന്ദ്രൻ, രഘുരാമൻകീഴറ, പി.ടി.സഗുണൻ, കൊയിലേരിയൻ ദാമോധരൻ,വിജയൻ കുട്ടിനേഴത്ത്,ബാബുരാജ്, സുരേഷ് അഴീക്കൽ, ഭരതൻ, ശ്രീജിത്ത് പൊങ്ങാടൻ, പി.ചന്ദ്രൻ,മണി താളിക്കാവ് തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments