കെഎഎസ് പരീക്ഷയ്ക്ക് 2200 കേന്ദ്രങ്ങള്‍; 25000 ഇന്‍വിജിലേറ്റര്‍മാര്‍, നിരീക്ഷണ ക്യാമറ സ്ഥാപിക്കും
തിരുവനന്തപുരം: അഞ്ചേമുക്കാല്‍ ലക്ഷം പേര്‍ അപേക്ഷിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയില്‍ ക്രമക്കേട് തടയുന്നതിന് മുഴുവന്‍ പരീക്ഷാകേന്ദ്രങ്ങളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കും. ഓരോ കേന്ദ്രത്തിലും പോലീസിനെ നിയോഗിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പരീക്ഷയ്ക്ക് 2,200 കേന്ദ്രങ്ങള്‍ വേണ്ടിവരുമെന്നാണ് പി.എസ്.സി കണക്കാക്കിയിട്ടുള്ളത്. 25,000 ഇന്‍വിജിലേറ്റര്‍മാരില്‍ പരമാവധി അധ്യാപകരെത്തന്നെ ലഭ്യമാക്കാനും പരീക്ഷാകേന്ദ്രമായി വിദ്യാലയങ്ങള്‍ വിട്ടുനല്‍കാനും നടപടിയെടുക്കും.
കെ.എ.എസിന്റെ പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22 -നാണ്.നേരിട്ട് നിയമനത്തിനുള്ള ഒന്നാംധാരയില്‍ 5,47,543 പേരും സര്‍ക്കാരിലെ ഗസറ്റഡ് ഇതര ജീവനക്കാര്‍ക്കുള്ള രണ്ടാംധാരയില്‍ 26,950 പേരും ഒന്നാം ഗസറ്റഡ് ജീവനക്കാര്‍ക്കുള്ള മൂന്നാംധാരയില്‍ 1750 പേരുമാണ് അപേക്ഷ നല്‍കിയത്.
അപേക്ഷകര്‍ പരീക്ഷയെഴുതുമെന്ന് ഡിസംബര്‍ 25-നകം പ്രൊഫൈലിലൂടെ ഉറപ്പുനല്‍കണം. അല്ലാത്തവരുടെ അപേക്ഷകള്‍ റദ്ദാക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പുനല്‍കുന്നവര്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് ഫെബ്രുവരി ഏഴാംതീയതി മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. ഉറപ്പുനല്‍കിയശേഷം പരീക്ഷയെഴുതാതിരിക്കുന്നവര്‍ക്കും നിശ്ചിത യോഗ്യതയില്ലാതെ പരീക്ഷയെഴുതുന്നവര്‍ക്കുമെതിരേ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു.
0 Comments