കോര്‍ട്ടിനോട് വിടപറയാനൊരുങ്ങി ടോം ജോസഫ്; തീരുമാനം അസോസിയേഷന്റെ അവഗണനയില്‍ മനംമടുത്ത്



കൊച്ചി: മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ് വിരമിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചിരിക്കുന്നത്. അസോസിയേഷന്‍ ഭാരവാഹികളുടെ അവഗണനയില്‍ മടുത്താണ് തീരുമാനമെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
ഈ മാസം 25-ന് ഒഡിഷയില്‍ ആരംഭിക്കുന്ന ദേശീയ വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ മറ്റൊരു സംസ്ഥാനത്തിനായി കളിച്ച ശേഷം വിരമിക്കാനാണ് തീരുമാനം. മാന്യമായി വിരമിക്കാന്‍ സംസ്ഥാന അസോസിയേഷന്‍ അവസരം നല്‍കില്ല എന്ന് ഉറപ്പായതോടെയാണിത്. ഇതിനായുള്ള സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ എന്‍.ഒ.സി ടോം ജോസഫിന് ലഭിച്ചിട്ടുണ്ട്.
18 ദേശീയ ചാമ്ബ്യന്‍ഷിപ്പുകളും ആറു ദേശീയ ഗെയിംസുകളിലും കേരളത്തിന്റെ കുപ്പായമണിഞ്ഞ താരത്തിന് പക്ഷേ ഇത്തവണ സംസ്ഥാന അസോസിയേഷന്‍ അവസരം നിഷേധിക്കുകയായിരുന്നു. മൂന്ന് സാഫ് ഗെയിംസ്, രണ്ട് ഏഷ്യല്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പ്, മറ്റ് രാജ്യാന്തര ടൂര്‍ണമെന്റുകള്‍ എന്നിവയിലെല്ലാം പങ്കെടുത്ത താരത്തിനാണ് ഈ ദുരവസ്ഥ.