ഓര്‍മകള്‍ ബാക്കി; ബിജീഷിന് കണ്ണീരോടെ വിട
പേരാമ്പ്ര: 'എന്നെ നോക്കേണ്ട മോന്‍ ഇത്രപെട്ടെന്ന് പോയല്ലോ.....' ബിജീഷിന്റെ മൃതദേഹം കണ്ട് അമ്മ സുമ പൊട്ടിക്കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാന്‍ ചുറ്റുമുള്ളവര്‍ പാടുപെട്ടു. ഭാര്യ അമൃത പ്രിയപ്പെട്ട ഉണ്ണിയേട്ടന്റെ മുഖം അവസാനമായി കാണാനെത്തിയപ്പോള്‍ കരഞ്ഞ് തളര്‍ന്നുപോയി. മകള്‍ ദക്ഷ അച്ഛന് മുത്തംനല്‍കി അവസാനയാത്ര പറയാനെത്തിയതും കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ എ.സി. ബിജീഷിന്റെ(34) മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് പേരാമ്ബ്ര ലാസ്റ്റ് കല്ലോട്ട് എത്തിച്ചത്. വ്യാഴാഴ്ച രാത്രി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം വെള്ളിയാഴ്ച രാവിലെ കൈതക്കലില്‍ നിന്ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്ബടിയോടെ വിലാപയാത്രയായി നാട്ടിലെക്കെത്തിച്ചു. ഐ.ടി.ബി.പി. കമാന്‍ഡന്റ് ജസ്റ്റിന്‍ റോബര്‍ട്ട്, ആലപ്പുഴ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എം.സി. ചാക്കോ, എ.എസ്.ഐ. എസ്.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ സൈനികവാഹനത്തിലാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.
വീടിന് സമീപം പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ ഉറ്റസുഹൃത്തുക്കളും നാട്ടുകാരുമടക്കം വന്‍ജനാവലി അന്തിമോപചാരമര്‍പ്പിച്ചു. ബിജീഷിന്റെ ഫുട്ബോള്‍ ടീമായ ഷോബോയ്സ് അംഗങ്ങള്‍ നിറമിഴികളോടെയാണ് അവസാനയാത്ര പറഞ്ഞത്.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി വടകര ആര്‍.ഡി.ഒ. വി.പി. അബ്ദുറഹ്മാന്‍, കൊയിലാണ്ടി തഹസില്‍ദാര്‍ കെ. ഗോകുല്‍ദാസ് എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. കേരള പോലീസും ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. പത്തോടെ അയ്യപ്പന്‍ചാലില്‍ വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയില്‍ മരുമകന്‍ വിജിത്ത് തീകൊളുത്തി.
ബറ്റാലിയന്‍ ക്യാമ്ബില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റാണ് ബിജീഷ് മരിച്ചത്. ചത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയില്‍ കദേനര്‍ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പശ്ചിമബംഗാള്‍ സ്വദേശി സര്‍വീസ് തോക്കുകൊണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം സ്വയംവെടിവെച്ച് മരിക്കുകയായിരുന്നു.


0 Comments