പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേന്ദ്രത്തിന് യു.പി ഡി.ജി.പിയുടെ കത്ത്
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ)യെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉത്തര്‍പ്രദേശ് ഡി.ജി.പി ഒ.പി സിങ് കത്ത് അയച്ചു. ഡിസംബര്‍ 19 ന് നടന്ന പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായതില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി നിരോധനം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിരിക്കുന്നതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 2006 നവംബര്‍ 22 നാണ് സ്ഥാപിതമായത്. ഈ മാസം ആദ്യം പൗരത്വ നിയമത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചും ഭേദഗതി ചെയ്ത നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. സംസ്ഥാനത്തുടനീളം പ്രക്ഷോഭത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും ഏറ്റുമുട്ടി. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊലീസ്, പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റ് വസീം അഹ്മദ് ഉള്‍പ്പെടെ മൂന്ന് അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു.

0 Comments