ഐ.എന്‍.എക്‌സ്. മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.







ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് ജാമ്യം അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ നേരത്തെ ജാമ്യം ലഭിച്ച ചിദംബരം ഇതോടെ ജയില്‍ മോചിതനാകും.

രണ്ട് ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആള്‍ജാമ്യവും നല്‍കാന്‍ പി ചിദംബരത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കോടതിയുടെ അനുമതിയില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു.തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത്. ഈ കേസുമായി ബന്ധപ്പെട്ട് മാധ്യങ്ങളുമായി അഭിമുഖങ്ങള്‍ നടത്തുകയോ പരസ്യ പ്രസ്താവനകള്‍ നടത്തുകയോ ചെയ്യരുതെന്നും ജാമ്യം അനുവദിച്ച്‌ക്കൊണ്ട് കോടതി നിര്‍ദേശിച്ചു.
തിഹാര്‍ ജയിലിലാണ് നിലവില്‍ അദ്ദേഹമുള്ളത്. ഓഗസ്റ്റ് 21-നാണ് സിബിഐ ചിദംബരത്തെ നാടകീയമായി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒക്ടോബര്‍ 22-ന് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തിന് പുറത്തിറങ്ങാനായിരുന്നില്ല. 106ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ്അദ്ദേഹം പുറത്തിറങ്ങാന്‍ പോകുന്നത്.

ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ഇതേ ബെഞ്ചാണ് ഐ.എന്‍.എക്‌സ്. ഇടപാടിലെ സി.ബി.ഐ. കേസിലും ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലായിരുന്നു വിധി.എ.എസ് ബൊപ്പണ്ണ, ഋഷികേഷ് റോയ് എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റംഗങ്ങള്‍. എ.എസ്.ബൊപ്പണ്ണയാണ് ജാമ്യ വിധി വായിച്ചത്.

ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശക്തമായെതിര്‍ത്തിരുന്നു. കസ്റ്റഡിയിലിരിക്കുമ്ബോള്‍പോലും നിര്‍ണായകസാക്ഷികളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നെന്നാണ് ഇ.ഡി.യുടെ വാദം. എന്നാല്‍, സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്തതിന് പ്രത്യക്ഷമോ പരോക്ഷമോ ആയ തെളിവുകളില്ലെന്ന് ചിദംബരം പറഞ്ഞു.

ഐ.എന്‍.എക്‌സ്. മീഡിയയുടെ 305 കോടി രൂപയുടെ ഇടപാടില്‍ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചിദംബരം ധനമന്ത്രിയായിരിക്കേ ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് അനുമതി നല്‍കിയെന്നാണ് കേസ്. ഇതിലെ അഴിമതി സി.ബി.ഐ.യും കള്ളപ്പണം വെളുപ്പിക്കല്‍ ഇ.ഡി.യുമാണ് അന്വേഷിക്കുന്നത്. എയര്‍സെല്‍- മാക്‌സിസ് ഇടപാടിലും സമാനമായ ആരോപണമാണ് ചിദംബരത്തിനെതിരേയുള്ളത്. ഈ കേസിലും സി.ബി.ഐ.യും ഇ.ഡി.യും അന്വേഷണം നടത്തുന്നുണ്ട്.