തുര്‍ക്കി സവാള ഇനിയും വൈകും ; സവാള വില 180 ആയി



കൊച്ചി> വിപണിയിലെ വില നിയന്ത്രിക്കുന്നതിന്‌ തുര്‍ക്കിയില്‍നിന്ന്‌ ഇറക്കുമതി ചെയ്യുന്ന സവാള ആദ്യഘട്ടത്തില്‍ മഹാരാഷ്‌ട്രയ്‌ക്കും ന്യൂഡല്‍ഹിക്കും നല്‍കുന്നതിനാല്‍ കേരളം 27 വരെ കാത്തിരിക്കണം. അതിനിടെ, സവാള വില 180 രൂപയിലെത്തി.

കേരളത്തിനുള്ള വിഹിതം 15ന്‌ നല്‍കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്‌. എന്നാല്‍, സവാള ഉപഭോഗം കൂടുതലുള്ള മഹാരാഷ്‌ട്രയ്‌ക്കും ഡല്‍ഹിക്കും ആദ്യം നല്‍കാനാണ്‌ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ തീരുമാനം. ക്രിസ്‌മസ്‌ വിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഴ്‌ചയില്‍ 75 ടണ്‍ വീതം സവാളയാണ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌. രണ്ടുമാസത്തേക്ക്‌ 600 ടണ്‍ ഇറക്കുമതി ചെയ്യുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം.
ഇറക്കുമതി ചെയ്യുന്ന സവാള 75 രൂപയ്‌ക്കാകും വില്‍ക്കുന്നത്‌. ഇപ്പോള്‍ നാസിക്കില്‍നിന്ന്‌ 83 രൂപയ്‌ക്ക്‌ വാങ്ങുന്ന സവാള 90 രൂപയ്‌ക്കാണ്‌ സപ്ലൈകോ വില്‍ക്കുന്നത്‌. എന്നാല്‍, തുര്‍ക്കയില്‍നിന്നുള്ള സവാള മഹാരാഷ്‌ട്രയ്‌ക്ക്‌ തല്‍ക്കാലം ആവശ്യമില്ലെന്ന്‌ അറിയിച്ചതായി സപ്ലൈകോ മാനേജിങ്‌ ഡയറക്‌ടര്‍ കെ എന്‍ സതീഷ്‌ പറഞ്ഞു. 200 ടണ്‍ ആണ്‌ അവര്‍ ആവശ്യപ്പെട്ടിരുന്നത്‌.

ഇത്‌ വാങ്ങാനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഭക്ഷ്യ സെക്രട്ടറിക്ക്‌ കത്തയച്ചതായും അദ്ദേഹം പറഞ്ഞു. തീരുമാനം അനുകൂലമായാല്‍ ഈ സവാള ഉടന്‍ കേരളത്തിലെത്തും. ഇറക്കുമതി സവാള കൊണ്ടുവരാന്‍ സപ്ലൈകോ ജൂനിയര്‍ മാനേജര്‍ സജി പോളിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ മുംബൈയില്‍ തങ്ങുകയാണ്‌. ചുവന്ന ചെറിയ സവാളയുടെ വിലയും കൂടി. 130 രൂപയായിരുന്നത്‌ 150 രൂപയിലെത്തി.