പ്രക്ഷോഭം ശക്തമാക്കി കോണ്‍ഗ്രസ്; രാജ്യമാകെ ഇന്ന് പതാക ജാഥ, കേരളത്തില്‍ മഹാറാലി


തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഇന്ന്‍ രാജ്യവ്യാപകമായി പതാക ജാഥ നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ആയിരിക്കും പാതക ജാഥ. ഇന്ത്യയെ സംരക്ഷിക്കുക, ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജാഥ സംഘടിപ്പിക്കുന്നത്. രാജ്യത്തെ മുഴുവന്‍ നേതാക്കളും പതാക ജാഥയുടെ ഭാഗമാകും. എ ഐ സി സി ആസ്ഥാനത്ത് നടക്കുന്ന പരിപാടികള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കും.

പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരത്ത് ഇന്ന് കോണ്‍ഗ്രസിന്റെ മഹാറാലി. രാജ്ഭവനിലേക്ക് നടത്തുന്ന മഹാറാലി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എം.പി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാണ് റാലി തുടങ്ങുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാവരും പ്രതിഷേധത്തില്‍ അണിനിരക്കും. പോഷക സംഘടനാനേതാക്കളും പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അസമിലെ ഗുവാഹത്തിയില്‍ നടക്കുന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലക്‌നൗവിലെ പരിപാടിയില്‍ പങ്കെടുക്കും. ഡിസംബര്‍ 14 ന് രാം ലീല മൈതാനത്ത് നടന്ന ഭാരത് ബചാവോ റാലിയുടെ വിജയം കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പോരാടാന്‍ വലിയ ഊര്‍ജമാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്.

ഭാരത് ബച്ചാവോ റാലിക്ക് പിന്നാലെ ജില്ലാ ബ്ലോക്ക് തലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് രാജ് ഘട്ടില്‍ കഴിഞ്ഞ ദിവസം സത്യഗ്രഹ സമരവും കോണ്ഗ്രസിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.