കോതമംഗലം ചെറിയ പള്ളി; കളക്ടറും പോലീസും കാട്ടുന്നത് കുറ്റകരമായ അനാസ്ഥയെന്ന് ഓര്‍ത്തഡോക്സ് സഭ






കൊച്ചി: കോതമംഗലം ചെറിയ പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് 1934ലെ മലങ്കര സഭയുടെ ഭരണഘടന അനുസരിച്ച്‌ നിയമാനുസൃത ഭരണ സംവിധാനത്തിലാക്കണം എന്ന ഹൈക്കോടതി വിധി നടപ്പിലാക്കാതെ കളക്ടറും പോലീസും കാട്ടുന്നത് കുറ്റകരമായ അനാസ്ഥയെന്ന് ഓര്‍ത്തഡോക്സ് സഭ.

ഹൈക്കോടതിയില്‍ ഓര്‍ത്തോഡോക്സ് സഭ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയെ തുടര്‍ന്നാണ് പള്ളി ജില്ലാ കളക്ടര്‍ നേരിട്ട് ഏറ്റെടുത്ത് നിയമാനുസൃത ഭരണ സംവിധാനത്തിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവ് പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും കളക്ടറും, പോലീസും ഇരുട്ടില്‍ തപ്പുകയാണ്. ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥനായ കളക്ടര്‍ ആരുടെയൊക്കെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി കൃത്യവിലോപം കാട്ടുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ നിയമസംവിധാനത്തെ സര്‍ക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അട്ടിമറിക്കുമ്ബോള്‍ നാട്ടില്‍ അരാജകത്വം ഉണ്ടാകും. ഇത് അനുവദിക്കാനാകില്ല. ആയതിനാല്‍ കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ബാധ്യസ്ഥനായ കളക്ടര്‍ ഉടന്‍ കോതമംഗലം ചെറിയ പള്ളി ഏറ്റെടുക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും ഓര്‍ത്തോഡോക്സ് സഭ ആവശ്യപ്പെട്ടു.