ആളുകള്‍ എത്രയുണ്ടെങ്കിലും തീവണ്ടി യാത്രയ്ക്ക് ഇനി കൂട്ടബുക്കിംഗ് നടത്താം



കോഴിക്കോട്: തീവണ്ടികളില്‍ ഇനി മുതല്‍ കൂട്ട ബുക്കിംഗ് നടത്താം. ഇത് പരിശോധിക്കുന്നതിനും അനുമതി നല്‍കുന്നതിനുമായി സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കും ചീഫ് റിസര്‍വേഷന്‍ ഓഫീസര്‍ക്കുമാണ് അധികാരം നല്‍കിയിരിക്കുന്നത്. കൂട്ടത്തോടെ ട്രെയിന്‍ ബര്‍ത്തുകള്‍ ബുക്ക് ചെയ്യാനുള്ള നിയന്ത്രണങ്ങള്‍ ദക്ഷിണ റെയില്‍വേ എടുത്തു കളഞ്ഞതോടെ യാത്രക്കാര്‍ക്ക് ആശങ്ക. നിയന്ത്രണങ്ങളില്ലാതായതോടെ ചില ട്രാവല്‍ ഏജന്‍സികള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ ട്രെയിന്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് കരിഞ്ചന്തയില്‍ വില്‍ക്കുമെന്ന് യാത്രക്കാര്‍ പറയുന്നു.

നേരത്തേ മുപ്പതില്‍ കൂടുതല്‍ ടിക്കറ്റുകള്‍ നല്‍കാനുള്ള അധികാരം റെയില്‍വേ ഡിവിഷണല്‍ അസിസ്റ്റന്റ് കമേഴ്‌ഷ്യല്‍ മാനേജര്‍മാര്‍ക്കും ഡിവിഷണല്‍ കമേഴ്‌ഷ്യല്‍ മാനേജര്‍മാര്‍ക്കും സോണല്‍ ചീഫ് കമേഴ്‌ഷ്യല്‍ മാനേജര്‍മാര്‍ക്കുമായിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം ഇത് സ്റ്റേഷനുകളിലെ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ക്കും സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കും നല്‍കി. അതായത് പ്രധാനപ്പെട്ട എല്ലാ സ്റ്റേഷനുകളില്‍ നിന്നും ഇനി ബുക്ക് ചെയ്യാനാകും.

നേരത്തേ സ്ളീപ്പര്‍ ബര്‍ത്തുകളില്‍ ബാക്കിയുള്ള 50 ശതമാനത്തിലും മറ്റ് ക്ളാസുകളില്‍ 33 ശതമാനം സീറ്റുകളിലേക്കും മാത്രമേ കൂട്ടത്തോടെയുള്ള ബുക്കിംഗ് അനുവദിച്ചിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ എല്ലാ ക്ളാസുകളിലും ഒഴിവുള്ള മുഴുവന്‍ ബര്‍ത്തുകളിലും കൂട്ട ബുക്കിംഗ് അനുവദിക്കും.ദൂരെയാത്ര പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്പോര്‍ട്സ് താരങ്ങള്‍ക്കുമെല്ലാം ഇത് സൗകര്യപ്രദമാണെങ്കിലും ബുക്ക് ചെയ്യുന്നവവരുടെ വിവരങ്ങള്‍ കൃത്യമായി പരിശോധിക്കാതെ ടിക്കറ്റ് നല്‍കിയാല്‍ ചൂഷണം നടക്കുമെന്ന് യാത്രക്കാര്‍ പറയുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയിരുന്ന പദ്ധതി വിജയമായതോടെയാണ് ദക്ഷിണ റെയില്‍വെ ഈ പദ്ധതിയ്ക്ക് അനുവാദം നല്‍കിയത്. തീവണ്ടി ടിക്കറ്റ് ബുക്കിംഗ് നടത്താനാകുന്ന 120 ദിവസം മുന്‍പ് തന്നെ കൂട്ടബുക്കിംഗ് നടത്താം. ട്രാവല്‍ ഏജന്‍സികളിലൂടെ കൂട്ടബുക്കിംഗ് നടത്താന്‍ കഴിയില്ല. കൂട്ടബുക്കിംഗ് നടത്തുന്നതിന് ആവശ്യക്കാര്‍ നേരിട്ട് സമീപിക്കണം. കൂട്ടമായി ബുക്ക് ചെയ്യുന്നതിന്റെ ആവശ്യകത റെയില്‍വെ അധികൃതരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമെ ബുക്കിംഗ് അനുവദിക്കൂ. കല്ല്യാണ സംഘങ്ങള്‍, വിനോദ യാത്രകള്‍, ആത്മീയ യാത്രാ സംഘങ്ങള്‍, കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ക്കാണ് കൂട്ടബുക്കിംഗ് ആവശ്യമായി വരാറുള്ളത്.

ബുക്കിംഗിന്റെ സമയത്ത് നല്‍കുന്ന യാത്രക്കാരുടെ ലിസ്റ്റില്‍ മാറ്റം വരുത്താന്‍ അവസരമുണ്ട്. ഈ വ്യവസ്ഥ കരിഞ്ചന്തക്കാര്‍ ദുരുപയോഗം ചെയ്ത് അവര്‍ കൂടുതല്‍ വിലയ്ക്ക് റിസര്‍വേഷന്‍ ടിക്കറ്റ് വില്‍ക്കും.ബുക്ക് ചെയ്യാന്‍ വരുന്ന ആളിന്റെ ഐ.ഡി കാര്‍ഡ് മാത്രമേ റെയില്‍വേ പരിശോധിയ്ക്കാറുള്ളു. ബാക്കിയുള്ളവരുടെ പേര് മാത്രം നല്‍കിയാല്‍ മതിയാകും.