ഇടതിനൊപ്പമുള്ള സമരത്തെച്ചൊല്ലി യു.ഡി.എഫില്‍ മുറുമുറുപ്പ്‌, യോഗത്തില്‍ പങ്കെടുക്കാതെ മുല്ലപ്പള്ളിയും ആര്‍.എസ്‌.പിയും


തിരുവനന്തപുരം : പൗരത്വഭേദഗതി നിയമത്തിനെതിരേ ഇടതുമുന്നണിയുമായി ചേര്‍ന്നുനടത്തിയ സംയുക്‌ത പ്രക്ഷോഭത്തെച്ചൊല്ലി യു.ഡി.എഫിനുള്ളില്‍ മുറുമുറുപ്പ്‌.

കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും യു.ഡി.എഫ്‌. ഘടകകക്ഷിയായ ആര്‍.എസ്‌.പിയും ഇന്നലത്തെ യു.ഡി.എഫ്‌. യോഗത്തില്‍നിന്നു വിട്ടുനിന്നു. മുല്ലപ്പള്ളി ഇന്നലെ രാവിലത്തെ ഉപവാസസമരത്തിലും പങ്കെടുത്തില്ല. ആ.എസ്‌.പി. ഉപവാസസമരത്തില്‍ പങ്കെടുത്തിരുന്നു. മുന്‍നിശ്‌ചയിച്ച പരിപാടി കാരണമാണു മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും ഇന്നലത്തെ പരിപാടികളില്‍ പങ്കെടുക്കാതിരുന്നതെന്നും ആര്‍.എസ്‌.പി. നേതാക്കള്‍ തലസ്‌ഥാനത്തില്ലായിരുന്നുവെന്നുമാണ്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞത്‌.

വേണ്ടത്ര ആശയവിനിമയമില്ലാതെയാണ്‌ സംയുക്‌ത പ്രതിഷേധത്തിന്‌ തീരുമാനമെടുത്തതെന്ന്‌ യു.ഡി.എഫ്‌. യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇതേത്തുടര്‍ന്ന്‌ ഇടതുമുന്നണിയുമായി ഇനിയൊരു പ്രക്ഷോഭം നടത്തില്ലായെന്ന്‌ പ്രതിപക്ഷനേതാവ്‌ യോഗത്തില്‍ ഉറപ്പുനല്‍കി. സര്‍ക്കാരിന്‌ പ്രതിച്‌ഛായ ഉണ്ടാക്കി കൊടുക്കുന്നതായിപ്പോയി ഈ യോജിച്ച പ്രക്ഷോഭം എന്ന നിലപാടാണ്‌ കെ.പി.സി.സി. പ്രസിഡന്റിനുള്ളതെന്ന്‌ അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്‌തമാക്കി. ഇടതുമുന്നണിയുമായി ചേര്‍ന്ന്‌ യു.ഡി.എഫ്‌ ഉപവാസം നടത്താന്‍ തീരുമാനിച്ചപ്പോള്‍ തന്നെ മുന്നണിയില്‍ പ്രതിഷേധമുണ്ടായിരുന്നു. ആര്‍.എസ്‌.പി, സി.എം.പി., ഫോര്‍വേര്‍ഡ്‌ ബ്ലോക്ക്‌, കേരള കോണ്‍ഗ്രസിന്റെ റോഷി അഗസ്‌റ്റിന്‍ എന്നിവരാണ്‌ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നത്‌.

രാവിലത്തെ ഉപവാസമരത്തില്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി മുന്‍ മന്ത്രികൂടിയായ ബാബുദിവാകരന്‍ പങ്കെടുത്തിരുന്നു. ഇത്തരത്തിലൊരു വിഷയമായതുകൊണ്ടാണ്‌ രാവിലത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന്‌ ആര്‍.എസ്‌.പി പ്രതിനിധികള്‍ പറഞ്ഞു.

അതേസമയം ഇന്നലത്തെ യു.ഡി.എഫ്‌ യോഗത്തില്‍ ഇത്‌ സജീവചര്‍ച്ചയായി. സി.പി. ജോണ്‍ രൂക്ഷമായ വിമര്‍ശനമാണ്‌ ഉന്നയിച്ചത്‌. സി.പി.എം നടത്തുന്ന ഒരു സമരത്തില്‍ പങ്കെടുത്ത്‌ അവര്‍ക്ക്‌ ആയുധനം നല്‍കാന്‍ പാടില്ലായിരുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി. വേണ്ടത്ര ആശയവിനിമയം ഉണ്ടായില്ലെന്ന്‌ സമ്മതിച്ച പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഒരു പ്രത്യേക സാഹചര്യത്തിലാണ്‌ ഇത്‌ വേണ്ടിവന്നതെന്നും വ്യക്‌തമാക്കി. ഇടുക്കിയിലെ ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ ഇന്നു രാവിലെ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്‌ യോഗം ചേരും.