ലൈംഗിക അതിക്രമ കേസുകളില്‍ ജാഗ്രത വേണം; പ്രതി ഇരയാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഹൈക്കോടതി



കൊച്ചി : ലൈംഗിക അതിക്രമ കേസുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഹൈക്കോടതി. വ്യക്തമായ തെളിവുകളില്ലാതെ ആരെയും പ്രതിയാക്കരുത്. അല്ലെങ്കില്‍ പ്രതി ഇരയാകുന്ന സാഹചര്യമുണ്ടാകും. ഇക്കാര്യത്തില്‍ പൊലീസും പ്രോസിക്യൂഷനും കോടതിയും ശ്രദ്ധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കോട്ടയം പാമ്ബാടിയിലെ ഒരു പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ നിരീക്ഷണം.

പോക്‌സോ കേസുകളില്‍, പ്രത്യേകിച്ചും ലൈംഗിക അതിക്രമ കേസുകളില്‍ പൊതുവായ ജാഗ്രത പുലര്‍ത്തണം. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇത്തരം കേസുകളില്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാതെ ആരെയും പ്രതിയാക്കരുത്. നിരപരാധികളെ പ്രതിയാക്കുന്ന സാഹചര്യം ഉണ്ടായാല്‍ പിന്നീട് അവരാകും ഇരയായി മാറുകയെന്ന് കോടതി ചൂണ്ടിക്കാട്ടി.

2018 ലുണ്ടായ കേസ് പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ നിര്‍ദേശം. സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വരുമ്ബോള്‍ ബസ്സുടമ മോശമായി പെരുമാറി എന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ പരാതി. സ്‌കൂള്‍ ബസില്‍ വെച്ച്‌ 13 കാരിയുടെ കയ്യില്‍ തോളുകൊണ്ട് ഇടിച്ചു എന്നായിരുന്നു പരാതി. പരാതിയില്‍ പൊലീസ് കേസെടുക്കുകയും ബസ്സുടമയ്‌ക്കെതിരെ കുറ്റപത്രം നല്‍കുകയും ചെയ്തു.

എന്നാല്‍ ഇത്തരമൊരു സംഭവം നടന്നതായി കണ്ടിട്ടില്ലെന്ന് മറ്റു കുട്ടികള്‍ മൊഴി നല്‍കി. തുടര്‍ന്ന് കേസ് വിശദമായി പരിശോധിച്ച കോടതി, കുറ്റകൃത്യത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞു. കേസ് റദ്ദാക്കിയ കോടതി, ലൈംഗിക അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുമ്ബോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു.