'ഇങ്ങനെ ഒരു റണ്‍ഔട്ട് തീരുമാനം ഇതുവരെ ഞാന്‍ ക്രിക്കറ്റില്‍ കണ്ടിട്ടില്ല'-വിരാട് കോലി



ചെന്നൈ:വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ രവീന്ദ്ര ജഡേജയുടെ റണ്‍ ഔട്ട് വിധിച്ച അമ്ബയറുടെ തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച്‌ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ക്രിക്കറ്റില്‍ ഇങ്ങനെ ഒരു സംഭവം ഇതുവരെ കണ്ടിട്ടില്ലെന്നും നിയമം എവിടെയാണെന്ന് തനിക്കറിയില്ലെന്നും കോലി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മാച്ച്‌ റഫറിയും അമ്ബയറും തീരുമാനമെടുക്കണം. ഗ്രൗണ്ടിന് പുറത്തുള്ളവരല്ല ഔട്ട് ആണോ എന്ന് വിധിക്കേണ്ടത്. കോലി കൂട്ടിച്ചേര്‍ത്തു. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോലി.

ഇന്ത്യയുടെ ഇന്നിങ്‌സിന്റെ 48-ാം ഓവറിലാണ് ജഡേജ സിംഗിളിന് ശ്രമിക്കുന്നതിനിടയില്‍ റണ്‍ഔട്ടായത്. റോസ്റ്റണ്‍ ചേസിന്റെ ഡയറക്‌ട് ത്രോ സ്റ്റമ്ബില്‍ കൊള്ളുമ്ബോള്‍ ജഡേജ നേരിയ വ്യത്യാസത്തില്‍ ക്രീസിന് പുറത്തായിരുന്നു. പക്ഷേ വിന്‍ഡീസ് ഫീല്‍ഡര്‍മാര്‍ ഔട്ടിന് അപ്പീല്‍ ചെയ്തില്ല.

റോസ്റ്റണ്‍ ചേസും വിന്‍ഡീസ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡും ഫീല്‍ഡ് അമ്ബയര്‍ ഷോണ്‍ ജോര്‍ജ്ജിന് അരികിലെത്തി അത് ഔട്ടാണോ എന്നു ചോദിച്ചു. എന്നാല്‍ ഷോണ്‍ ജോര്‍ജ്ജ് ഔട്ട് വിധിക്കുകയോ തീരുമാനം മൂന്നാം അമ്ബയര്‍ക്ക് വിടുകയോ ചെയ്തില്ല. എന്നാല്‍ പിന്നീട് സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ ഈ വീഡിയോ കാണിച്ചതോടെ തീരുമാനം തേഡ് അമ്ബയര്‍ക്ക് വിടുകയായിരുന്നു. മൂന്നാം അമ്ബയര്‍ ഔട്ടും വിധിച്ചു.

ഇതോടെ വിരാട് കോലിക്ക് ദേഷ്യമടക്കാനായില്ല. ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ കോലി ഗ്രൗണ്ടില്‍ ബൗണ്ടറി ലൈനിന് അരികില്‍ വരെയെത്തി തന്റെ ദേഷ്യം പ്രകടിപ്പിച്ചു. അപ്പോഴേക്കും ജഡേജ ഡ്രസ്സിങ് റൂമിലേക്ക് നടന്നിരുന്നു. ഇതോടെ കോലി ഗ്രൗണ്ടില്‍ ഇറങ്ങിയില്ല. ഔട്ടാകുമ്ബോള്‍ 21 പന്തില്‍ 21 റണ്‍സെന്ന നിലയിലായിരുന്നു ജഡേജ.