രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷം



ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിലക്കയറ്റം റെക്കോര്‍ഡ് സൃഷ്ടിക്കുന്നു.

ചില്ലറ വ്യാപാരമേഖലയില്‍ മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് വിലക്കയറ്റം ഇത്ര ഉയര്‍ന്ന നിരക്കിലെത്തുന്നത്. ചില്ലറ വ്യാപാര രംഗത്തെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 2016 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

കഴിഞ്ഞ മാസത്തെ കണക്ക് അനുസരിച്ച്‌ 5.54% ആണ് വിലക്കയറ്റ നിരക്ക്. ഇത് ഒക്ടോബറില്‍ 4.62% ആയിരുന്നു. കേന്ദ്രസ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഭക്ഷ്യവിലക്കയറ്റത്തിന്‍റെ തോത് രണ്ടക്കത്തിലെത്തിയെന്ന് ദേശീയ സ്റ്റാറ്റിറ്റിക്കല്‍ ഓഫീസിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യവിലക്കയറ്റം ഒക്ടോബറില്‍ 7.89% ആയിരുന്നു. നവംബറില്‍ ഇത് 10.01% ആയി ഉയര്‍ന്നു.

സെപ്റ്റംബര്‍ മുതല്‍ പച്ചക്കറിക്ക് വന്‍ വിലക്കയറ്റമാണ് രാജ്യത്തെമ്ബാടും ഉണ്ടായതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെപ്റ്റംബറില്‍ 5.40% ആയിരുന്നു വിലക്കയറ്റം. നവംബറായപ്പോഴേക്കും ഇത് 36% ആയി.
ഭക്ഷ്യവിലക്കയറ്റം ഒക്ടോബറില്‍ 7.89% ആയിരുന്നു. ഇത് നവംബറിലെത്തിയപ്പോള്‍ 10.01% ആയാണ് ഉയര്‍ന്നത്.
വരുംദിവസങ്ങളില്‍ പച്ചക്കറികള്‍ക്ക് വന്‍ വിലക്കയറ്റമായിരിക്കും ഉണ്ടാകുകയെന്നും സൂചനയുണ്ട്. പഴ വര്‍ഗ്ഗ വിഭാഗത്തില്‍ 0.83% ത്തില്‍ നിന്ന് 4.08% ഉയര്‍ന്നു.

ഉള്ളിവില അനിയന്ത്രിതമായി ഉയര്‍ന്ന സാഹചര്യം മറ്റ് അവശ്യവസ്തുക്കളിലേക്കും എത്തുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു വിധ ഇടപെടലും നടത്തുന്നില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.

ഇത്രനാള്‍ ഉള്ളിവിലയെ കുറിച്ചാണ് ആശങ്കപ്പെട്ടതെങ്കില്‍ ഇനിയങ്ങോട്ട് പച്ചക്കറി വിലയെ കുറിച്ച്‌ മുഴുവന്‍ ആശങ്കപ്പെടേണ്ട അവസ്ഥയാണ്‌ വരാന്‍ പോകുന്നത് എന്നത് വ്യക്തം.