മട്ടുപ്പാവ് കൃഷിയില്‍ പുരസ്കാര നേട്ടവുമായി ധനഞ്ജയന്‍

പയ്യന്നൂര്‍: മട്ടുപ്പാവില്‍ ജൈവ പച്ചക്കറി കൃഷിചെയ്ത് സംസ്ഥാന കൃഷിവകുപ്പിന്റെ പുരസ്കാരം കാറമേല്‍ പുതിയങ്കാവ് സ്വദേശി എ.വി.ധനഞ്ജയന് ലഭിച്ചു. വീട്ടിന്‍റെ മട്ടുപ്പാവിലെ ആയിരം ചതുരശ്ര അടിയിയില്‍ ഗ്രോ ബാഗുകളിലാണ് കൃഷിയൊരുക്കിയിരിക്കുന്നത്. നാടന്‍ പയര്‍ മുതല്‍ വിദേശ ഫലങ്ങളായ പീനട്ട്, നോമ്ബി, ഡ്രാഗണ്‍ ഫ്രൂട്ട് വരെ ധനഞ്ജയന്‍ കൃഷിചെയ്യുന്നുണ്ട്. ചീര, ചേമ്ബ്, പ്രഷര്‍ ചീര, പൊന്നാരി വീരന്‍, ബസളി ചീര തുടങ്ങി പത്തോളം ഇലച്ചെടികളും ചങ്ങളം പിരണ്ട, കസ്തൂരിമഞ്ഞള്‍, പനികൂര്‍ക്ക തുടങ്ങി പതിനഞ്ചോളം ഔഷധച്ചെടികളും വളര്‍ത്തുന്നു. കോളി ഫ്ളവര്‍, കാബേജ്, വെണ്ട, വെള്ളരി, പാവയ്ക്ക, പപ്പായ തുടങ്ങിയ പച്ചക്കറികളും തോട്ടത്തിലുണ്ട്.

രാത്രി ഏഴുമുതല്‍ പത്തുവരെയാണ് കൃഷിത്തോട്ട പരിപാലനത്തിനായി ചെലവഴിക്കുന്നത്. ജൈവവളം മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ഭാര്യ ഷൈമയും മക്കളായ ദിയാ, ദേവദര്‍ശ് എന്നിവരും സഹായിക്കാന്‍ കൂടെയുണ്ട്. കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ളവരെ ഉള്‍പ്പെടുത്തി തുടങ്ങിയ കൃഷിത്തോട്ടം ഗ്രൂപ്പ് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയിലൂടെയാണ് ജൈവ പച്ചക്കറി കൃഷി രംഗത്തേക്ക് എത്തിയത്. കൂട്ടായ്മയോടൊപ്പം ജില്ലയില്‍ തുടങ്ങിയ വിത്ത് ബാങ്കിന്‍റെ ചുമതലയും ധനഞ്ജയനാണ്.

ആവശ്യമുള്ളവര്‍ക്ക് പച്ചക്കറിവിത്ത് സൗജന്യമായി നല്‍കുകയും കൃഷിചെയ്യേണ്ട രീതികള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. കേബിള്‍ ഓപ്പറേറ്ററായ ധനഞ്ജയന്‍ ജോലി ഉപേക്ഷിച്ച്‌ രണ്ടുവര്‍ഷമായി ജൈവ പച്ചക്കറി കൃഷി രംഗത്ത് സജീവമാണ്.