ഓര്‍മകള്‍ വീണ്ടെടുത്തു; രാജു കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങി



ശ്രീകണ്ഠപുരം: അക്രമത്തില്‍ പരിക്കേറ്റ് നഷ്ടപ്പെട്ട ഓര്‍മകള്‍ വീണ്ടെടുത്ത് രാജു കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങി. ആറുവര്‍ഷം മുന്‍പ് വീട് വിട്ടിറങ്ങിയ രാജുവിനെത്തേടി തിങ്കളാഴ്ച ബന്ധുക്കള്‍ പയ്യാവൂര്‍ വെമ്ബുവയിലെ തെരേസ ഭവനിലെത്തി. ചികിത്സിച്ചവര്‍ക്കും കൈത്താങ്ങായവര്‍ക്കും നന്ദിപറഞ്ഞ് അയാള്‍ സ്വദേശത്തേക്ക് മടങ്ങി.

മുംബൈയില്‍ ചുമട്ടുതൊഴിലാളിയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി രാജു (35) കഴിഞ്ഞ ഓഗസ്റ്റിലാണ് കണ്ണൂരിലെത്തിയത്. പിന്നീട് കണ്ണൂരില്‍ ചുമട്ടുതൊഴിലും നിര്‍മാണജോലിയും ചെയ്യുന്നതിനിടെ കൂടെയുള്ള ബംഗാള്‍ സ്വദേശിയുമായുണ്ടായ തര്‍ക്കം രാജുവിന്റെ ജീവിതം തകിടംമറിച്ചു. തര്‍ക്കത്തിനിടെ സുഹൃത്ത് രാജുവിന്റെ വയറ്റിലും തുടയിലും തലയിലും വെട്ടിപ്പരിക്കേല്‍പ്പിച്ചു.

സംഭവത്തിനുശേഷം താണയിലെ റോഡരികില്‍ രാജു ചോരയില്‍ കുളിച്ച്‌ കിടന്നു. മദ്യപനാണെന്ന് കരുതി ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ ചിലര്‍ ചേര്‍ന്ന് ജില്ലാ ആസ്പത്രിയിലേക്കും പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാസ്പത്രിയിലേക്കും മാറ്റി. ചികിത്സയ്ക്കൊടുവില്‍ ബോധം തിരിച്ചുകിട്ടിയെങ്കിലും രാജുവിന്റെ ഓര്‍മ നഷ്ടമായിക്കഴിഞ്ഞിരുന്നു.

ഇതറിഞ്ഞ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സി.സുരേഷ് കുമാര്‍, പാരാലീഗല്‍ വൊളന്റിയര്‍ എ.ജയന്‍, തളിപ്പറമ്ബ് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി നാരായണന്‍കുട്ടി മനിയേരി എന്നിവര്‍ ചേര്‍ന്ന് പയ്യാവൂരിലെ തെരേസ ഭവനിലേക്ക് ഇയാളെ മാറ്റി. ചികിത്സയുടെ ഫലമായി രാജുവിന് കഴിഞ്ഞദിവസമാണ് ഓര്‍മ തിരികെ ലഭിച്ചത്. തുടര്‍ന്ന് തന്റെ കുടുംബം ഉത്തര്‍പ്രദേശിലാണെന്ന് പറഞ്ഞ് ബന്ധുവിന്റെ നമ്ബര്‍ ഓര്‍ത്തെടുത്തു. ഇതില്‍ ബന്ധപ്പെട്ടാണ് അധികൃതര്‍ ബന്ധുക്കളെ വിവരമറിയിച്ചത്.