ലോട്ടറി നികുതി 28 ശതമാനമായി ഏകീകരിച്ചു; കേരളത്തിന് ബമ്ബര്‍ നഷ്ടം





ന്യൂഡല്‍ഹി/ തിരുവനന്തപുരം: സംസ്ഥാന ലോട്ടറിക്കും ഇടനിലക്കാര്‍ നടത്തുന്ന മറ്റുസംസ്ഥാന ലോട്ടറിക്കും നികുതി 28 ശതമാനമായി ഏകീകരിച്ചുകൊണ്ടുള്ള ജി.എസ്.ടി. കൗണ്‍സിലിന്റെ തീരുമാനം കേരളത്തിന് തിരിച്ചടിയാവും. കേരളത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന ജി.എസ്.ടി. കൗണ്‍സില്‍ നികുതി ഏകീകരിച്ചത്.

ഇതുവരെ സംസ്ഥാനങ്ങള്‍ നേരിട്ടുനടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും മറ്റുള്ളവയ്ക്ക് 28 ശതമാനവുമായിരുന്നു നികുതി. ഇതാണ് 28 ശതമാനമായി ഏകീകരിച്ചത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പുകാരണം വോട്ടിട്ടായിരുന്നു തീരുമാനം. ജി.എസ്.ടി. നിലവില്‍വന്നശേഷം ആദ്യമായാണ് കൗണ്‍സില്‍ വോട്ടെടുപ്പിലേക്ക്‌ നീങ്ങിയത്. മിസോറം, സിക്കിം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള ലോട്ടറികള്‍ക്ക് സംസ്ഥാന ലോട്ടറിക്കൊപ്പം മത്സരിക്കാനുള്ള അവസരം നല്‍കുന്നതാണ് തീരുമാനം. ലോട്ടറിയില്‍നിന്നുള്ള ലാഭം കുറയുന്നത് കേരളത്തിന്റെ സമ്ബദ്ഘടനയ്ക്ക് വലിയ ഭാരമാകും. പുതിയ നികുതിനിരക്ക് മാര്‍ച്ച്‌ ഒന്നിന് നിലവില്‍ വരും.

നികുതി ഏകീകരിക്കണമോ വേണ്ടയോ എന്നു പ്രത്യേകം പരിശോധിക്കണമെന്നു കേരളം കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്, ചട്ടമനുസരിച്ച്‌ വോട്ടെടുപ്പ് വേണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. എന്നാല്‍, മുന്‍കാലങ്ങളില്‍ കേന്ദ്രത്തിനെതിരേ അടിയുറച്ചുനിന്ന പഞ്ചാബും രാജസ്ഥാനും വോട്ടെടുപ്പില്‍ വിട്ടുനിന്നതോടെ നികുതി ഏകീകരണം പരാജയപ്പെടുത്താനുള്ള കേരളത്തിന്റെ നീക്കം പാളി. കൗണ്‍സിലില്‍ 17 വോട്ട് കേന്ദ്രത്തിന് അനുകൂലമായും ഏഴുവോട്ട് എതിര്‍ത്തും ലഭിച്ചു.

രാജ്യമാകെ ഒറ്റവിപണിയായിക്കണ്ട് ജി.എസ്.ടി. നിലവില്‍വന്നപ്പോള്‍ത്തന്നെ മറ്റുസംസ്ഥാന ലോട്ടറികള്‍ക്ക് അനുകൂല സാഹചര്യമായിരുന്നു. ഇതിനു തടയിടാന്‍ രണ്ടുതരം നികുതി വേണമെന്ന് വാദിച്ചത് കേരളമാണ്. മറ്റുസംസ്ഥാന ലോട്ടറിക്കാര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയാല്‍ അവയ്ക്ക് സംസ്ഥാന ലോട്ടറിയുമായി മത്സരിച്ച്‌ ലാഭകരമായ വിപണി കണ്ടെത്താനാവില്ലെന്ന വിലയിരുത്തലിലായിരുന്നു ആ നീക്കം. ഏറെ ചര്‍ച്ചകള്‍ക്കുശേഷം ജി.എസ്.ടി. കൗണ്‍സില്‍ നിര്‍ദേശം അംഗീകരിച്ചു. അതാണ് ഇപ്പോള്‍ കീഴ്‌മേല്‍ മറിഞ്ഞത്. ഇടനിലക്കാര്‍ ജി.എസ്.ടി. കൗണ്‍സിലിനെ സമീപിച്ചതോടെയാണ് നിരക്ക് ഏകീകരണത്തിനുള്ള ചര്‍ച്ച തുടങ്ങിയത്. അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായിരുന്ന കാലത്ത് പലവട്ടം കൗണ്‍സിലിന് മുന്നില്‍ ഇതെത്തിയെങ്കിലും സംസ്ഥാനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്ത് തീരുമാനം മാറ്റിവെച്ചു. കേരളത്തിന്റെ നേതൃത്വത്തില്‍ ബി.ജെ.പി.യിതര സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ഇതിനെ എതിര്‍ത്തത്.

രണ്ടുതരം നികുതി ഏര്‍പ്പെടുത്തിയിട്ടും 2017-ല്‍ മിസോറം ലോട്ടറി ഇവിടെ വില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ എതിര്‍ത്തു. ഈയിടെ നാഗാലാന്‍ഡ് ലോട്ടറിയും ഇവിടെ വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. സാന്റിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗെയിമിങ് സൊലൂഷന്‍സ് എന്ന കമ്ബനിയാണ് ഇതിന് ശ്രമിച്ചത്.

മറ്റുസംസ്ഥാന ലോട്ടറി നടത്തുന്നവര്‍ സംസ്ഥാന നികുതി സെക്രട്ടറിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ചട്ടം ഈ സര്‍ക്കാര്‍ 2018-ല്‍ പുനഃസ്ഥാപിച്ചിരുന്നു. ഇതിനെ ഫ്യൂച്ചര്‍ ഗെയിമിങ് സൊലൂഷന്‍സ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.