രണ്ട് ദിവസമായി നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ വീട്ടമ്മയെ അവശനിലയില്‍ കണ്ടെത്തി

അടിമാലി: രോഗിയായ വീട്ടമ്മയെ കാറിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി അടിമാലിയിലാണ് സംഭവം. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാരാണ് രണ്ട് ദിവസമായി ദേശീയ പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്ന കാറുനുള്ളില്‍വീട്ടമ്മയെ കണ്ടെത്തിയത്.

അവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അവശനിലയിലായ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചു. വയനാട് സ്വദേശിനി ലൈലാമണിയാണ് ഇവരെന്നാണ് പോലീസിന് ലഭിച്ച വിവരം. തീര്‍ത്തും അവശ നിലയില്‍ ആയതിനാല്‍ കൃത്യമായ വിവരങ്ങള്‍ പോലീസിന് നല്‍കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. വീട്ടമ്മയുടെ ശരീരത്തിന്റെ ഒരുവശം തളര്‍ന്ന നിലയിലാണ്.

വാഹനത്തിന്റെ താക്കോലും വീട്ടുപകരണങ്ങളും കാറിനുള്ളില്‍ കണ്ടെത്തി. ചില ബാങ്ക് ഇടപാടുകളുടെ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ രജിസ്റ്റര്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ വയനാട് സ്വദേശി മാത്യുവിന്റെ കാറാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. കട്ടപ്പന ഇരട്ടയാറിലുള്ള മകന്റെ വീട്ടിലേക്ക് പോകുംവഴി അടിമാലിയില്‍ കാര്‍ നിര്‍ത്തി ഭര്‍ത്താവ് ശുചിമുറിയില്‍ പോയെന്നാണ് വീട്ടമ്മ പോലീസിനോട് പറയുന്നത്.