സ്റ്റേഷന്‍ മുറ്റത്ത് തുരുമ്പെടുത്ത വാഹനങ്ങള്‍ ഇനിയുണ്ടാകില്ല; ലേലം ചെയ്ത് നീക്കാന്‍ സര്‍ക്കാര്‍ നടപടി
കണ്ണൂര്‍: സംസ്ഥാനത്ത് കോടികളുടെ നഷ്ടമുണ്ടാക്കി പൊലീസ് സ്റ്റേഷനുകളുടെ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ നീക്കാന്‍ ഒടുവില്‍ വഴിയൊരുങ്ങുന്നു. കണ്ണൂരില്‍ മണല്‍ക്കടത്തിന് പിടികൂടിയ 400 വാഹനങ്ങള്‍ ഇതിനോടകം വിറ്റഴിച്ച് 1.3 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. മാര്‍ച്ച് 30നകം മുഴുവന്‍ വാഹനങ്ങളും ലേലം ചെയ്ത് വില്‍ക്കും. കഴിഞ്ഞ 20 വര്‍ഷമായി കെട്ടിക്കിടക്കുന്ന ലോറികളടക്കമുള്ള വാഹനങ്ങള്‍ പരിശോധിച്ച് വിലയിട്ട് നടപടികള്‍ പൂര്‍ത്തിയാക്കി. വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള എംഎസ്ടിസി കമ്ബനിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഇ-ലേലം വഴിയാണ് വില്‍പ്പന. ജില്ലാ കളക്ടറും എസ് പിയും നല്‍കിയ പ്രത്യേക നിര്‍ദേശ പ്രകാരം സബ് കളക്ടര്‍ക്കാണ് ചുമതല. പ്രത്യേക സംഘം രൂപീകരിച്ച് മാസങ്ങള്‍ നീളുന്ന ദൗത്യം വഴിയാണ് സ്റ്റേഷനുകളില്‍ കുന്നുകൂടിക്കിടക്കുന്ന വാഹനങ്ങള്‍ ഒടുവില്‍ ഒഴിവാക്കുന്നത്. കണ്ണൂരില്‍ മാത്രം ഇത്തരത്തില്‍ 1200 വാഹനങ്ങളുണ്ട്.
മണലോട് കൂടി പിടികൂടിയ വാഹനങ്ങളിലെ മണല്‍ പ്രത്യേകം വില്‍പ്പന നടത്തും. നിര്‍മ്മിതി കേന്ദ്രത്തിനാണ് ഇത് നല്‍കുന്നത്. കഴിഞ്ഞ ഒറ്റദിവസം 27 വണ്ടികള്‍ ആര്‍ടിഒ പരിശോധിച്ച് വിലയിട്ടതിന്റെ ഇരട്ടി തുകയ്ക്കാണ് ലേലത്തില്‍ പോയത് എന്നത് തന്നെ ഇവയുടെ മൂല്യം വ്യക്തമാക്കുന്നു. ഇതിന് പുറമെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നശിക്കാനിട വരുത്താതെ വേഗത്തില്‍ വിട്ടു നല്‍കാന്‍ ഡിജിപി നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. തൃശൂരില്‍ നടന്ന കോണ്‍ഫറന്‍സിലും ഈ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടു. കണ്ണൂരില്‍ ആറ് മാസത്തിലധികം ഒരു വാഹനവും സ്റ്റേഷനില്‍ കിടക്കാന്‍ ഇടവരാത്ത വിധമുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
0 Comments